സാരഥിയായി സണ്ണി തിരിച്ചെത്തുന്നു
സണ്ണി വെയ്ന്‍ എന്ന യുവതാരത്തെ മലയാളികള്‍ മറന്നോ? ദുല്‍ക്കര്‍ സല്‍മാനോടൊപ്പം സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷം അവതരിപ്പിച്ചെത്തിയ സണ്ണി വെയ്‌ന് തുടര്‍ന്ന് കൈ നിറയെ ചിത്രങ്ങളായിരുന്നു. എന്നാല്‍ എല്ലാം ന്യൂജനറേഷന്‍ ചിത്രങ്ങളായിരുന്നുവെന്നു മാത്രം. ന്യൂജനറേഷന്‍ തരംഗം കെട്ടടങ്ങിയതോടെ അക്കൂട്ടത്തില്‍ വന്ന പല നായകരും ഒളിമങ്ങിപ്പോയി. അതില്‍ സണ്ണി വെയ്‌നും പെട്ടിരുന്നു. നീലാകാശം പച്ചക്കടല്‍, ചുവന്ന ഭൂമി, അന്നയും റസൂലും മോസയിലെ കുതിരമീനുകള്‍ എന്നീ ചിത്രങ്ങളിലെല്ലാം സണ്ണിയുണ്ടായിരുന്നു. പക്ഷേ ഇതില്‍ അന്നയും റസൂലും ഫഹദിനു മാത്രമേ ഗുണം ചെയ്തുള്ളൂ. മോസയിലെ കുതിരമീനുകള്‍ പൊട്ടിയതുകാരണം അതും ചീത്തപ്പേരുണ്ടാക്കി.
ഇപ്പോള്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സണ്ണി തിരിച്ചെത്തുകയാണ്. നവാഗതനായ ഗോപാലന്‍ മനോജ് സംവിധാനം ചെയ്യുന്ന സാരഥിയില്‍ ശ്രീനിവാസനോടൊപ്പം നല്ലൊരു കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. ഒരു ഉത്തരവാദിത്തവുമില്ലാതെ അടിച്ചുപൊളിച്ചു നടക്കാന്‍ ആഗ്രഹിക്കുന്ന ക്രിസ്റ്റി എന്ന ആംബുലന്‍സ് ഡ്രൈവറായാണ് സണ്ണി അഭിനയിക്കുന്നത്. രാജേഷ് കെ. രാമന്‍ ആണ് കഥയും തിരക്കഥയും. സംവിധായകനും തിരക്കഥാകൃത്തും പുതിയ ആളുകളാണ്.

ജോലി ചെയ്യുക, കൂലി വാങ്ങുക എന്നതുമാത്രമേ ക്രിസ്റ്റിയുടെ ഉത്തരവാദിത്തമുള്ളൂ. മൃതദേഹം മറവു ചെയ്യുന്ന ആളാണ് ക്രിസ്റ്റി. അതുകൊണ്ടുതന്നെ എല്ലാറ്റിനോടും ഒരു മരവിപ്പാണ്. അവന്റെ ജീവിതത്തിലേക്ക് നന്മയുടെ പൂക്കാലമെത്തിക്കുയാണ് മെഡിക്കല്‍ സ്റ്റുഡന്റായ വിഷ്ണു.
നെടുമുടി, ബൈജു, മധുപാല്‍, സുനില്‍ സുഖദ എന്നിവരാണു മറ്റു താരങ്ങള്‍. അഭിനയശ്രീയാണ് നായിക. യൂത്തിന് ഇഷ്ടപ്പെടുന്നൊരു ചിത്രം ചെയ്തുകൊണ്ട് ശക്തമായി തിരിച്ചുവരുകയാണ് സണ്ണി വെയ്ന്‍


Click it and Unblock the Notifications











