സാരഥിയുമായി സണ്ണിയെത്തുന്നു
ദുല്‍ക്കര്‍ സല്‍മാനും സണ്ണി വെയ്‌നും ഒന്നിച്ചു സിനിമയില്‍ വന്നവരാണ്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ തുല്യവേഷം ചെയ്‌തെങ്കിലും പിന്നീടങ്ങോട്ട് ദുല്‍ക്കറിന്റെ യാത്രയായിരുന്നു. സണ്ണി സഹനടന്റെ വേഷത്തിലേക്കു ചുരുങ്ങുകയായിരുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ വീണ്ടും ദുല്‍ക്കറിനൊപ്പം അഭിനയിച്ചെങ്കിലും ചിത്രം രക്ഷപ്പെടാത്തത് സണ്ണിക്കു ദോഷമായി. അതിനിടെ ഫഹദിനൊപ്പം അന്നയും റസൂലും എന്ന ചിത്രത്തിലും സഹനടന്റെ വേഷം ചെയ്തു.
സണ്ണി നായകനാകുന്ന ചിത്രമായ സാരഥി തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റി എന്ന ആംബുലന്‍സ് ഡ്രൈവറുടെ വേഷത്തിലാണ് സണ്ണി അഭിനയിക്കുന്നത്. ആംബുലന്‍സില്‍ മൃതദേഹവും മരിച്ചയാളുടെ ബന്ധുവുമായി ഹൈറേഞ്ചിലേക്ക് യാത്രയാകുകയാണ് ക്രിസ്റ്റി. ശ്രീനിവാസനാണ് ബന്ധുവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.

നവാഗതനായ ഗോപാലന്‍ മനോജ് ആണ് സംവിധാനം. നെടുമുടി വേണു, മധുപാല്‍, മുകുന്ദന്‍, ബൈജു, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, അശ്വതിലാല്‍, ശ്രുതിബാല, സീമ ജി.നായര്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തില്‍.
ചിത്രീകരണം കഴിഞ്ഞ് കുറച്ചായെങ്കിലും റിലീസ് വൈകുകയായിരുന്നു. രാജേഷ് കെ. രാമന്‍ ആണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
ഹൈറേഞ്ചിലേക്കുള്ള യാത്ര ക്രിസ്റ്റിയുടെ ജീവിതം മാറ്റിമറിക്കുകയാണ്. കോമഡിയില്‍ തുടങ്ങുന്ന ത്രില്ലറാണ് ചിത്രം. സണ്ണി വെയ്‌ന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലാണു ചിത്രമൊരുക്കിയിരിക്കുന്നത്. 13ന് ചിത്രം തിയറ്ററിലെത്തും.


Click it and Unblock the Notifications











