twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരങ്ങള്‍ക്ക് ഒരു വക്കാലത്ത്.........

    By പരദൂഷണന്‍
    |

    മലയാള സിനിമയുടെ സകലമാന പ്രശ്നങ്ങള്‍ക്കും കാരണം സൂപ്പര്‍താരങ്ങളാണ് എന്ന വിനയഭഗവാന്റെ അരുളപ്പാട് കേട്ടപ്പോഴാണ്, ആ പാവങ്ങളുടെ വക്കാലത്ത് ഏല്‍ക്കാമെന്ന് പരദൂഷണന്‍ കരുതിയത്. വാദിക്കുമ്പോള്‍ ചെകുത്താന്റെ ഭാഗം വേണം വാദിക്കാന്‍. അതിനല്ലേ ഒരു ത്രില്ലുളളത്.

    (മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നീ താരാസുരന്മാരുടെ വക്കാലത്താണ് തല്‍ക്കാലം ഏല്‍ക്കുന്നത്. മറ്റ് അസുരന്മാരുടെ വക്കാലത്തും തരാതരം പോലെ ഏറ്റെന്നും വരാം, ഏറ്റില്ലെന്നും വരാം)

    ജനിച്ചപ്പോഴേ സൂപ്പര്‍താരങ്ങളായവരാണോ സാറന്മാരേ, ഇവരെല്ലാം. വായിച്ചും കേട്ടും അറിഞ്ഞിടത്തോളം കടുത്ത പരീക്ഷണങ്ങളില്‍ കൂടി കടന്നാണ് ഇവരൊക്കെ ഇന്നത്തെ നിലയിലെത്തിയത്. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമായിരുന്നു കൈമുതല്‍. അധ്വാനിക്കാനും കഷ്ടപ്പെടാനുമുളള മനസായിരുന്നു ജന്മനാ കിട്ടിയത്. ഭാഗ്യം എന്ന് വിവക്ഷിക്കപ്പെടുന്ന യാദൃശ്ചികതയ്ക്ക് ഇവിടെയുളള റോള്‍ പത്തുശതമാനത്തിനും താഴെയാണ്.

    ദേവലോകം എന്ന മമ്മൂട്ടിയുടെ ആദ്യചിത്രത്തിലെ ആ രംഗം ഒന്നോര്‍ത്തു നോക്കൂ. ഇന്നത്തെ സൂപ്പര്‍താരത്തെ നിങ്ങള്‍ക്ക് അതില്‍ ദീര്‍ഘദര്‍ശനം ചെയ്യാനാവുമോ? മഞ്ചേരിയിലെ വക്കീല്‍പണി ഉപേക്ഷിച്ച് മുഹമ്മദ് കുട്ടി മദ്രാസിലേയ്ക്ക് വണ്ടി കയറിയത്, ഇന്നത്തെ മമ്മൂട്ടിയെ മനസില്‍ കണ്ടുകൊണ്ടായിരുന്നോ? അല്ലേയല്ല.

    ഇപ്പോഴും പെട്ടിയിലിരിക്കുകയാണ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ തിരനോട്ടം. അതിനു ശേഷമുളള മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ നരേന്ദ്രന് ഭാവം പകരുമ്പോള്‍ ലാലിന് ഉറപ്പുണ്ടായിരുന്നോ, ഭാവിയില്‍ തുളസീദാസ് എടുക്കുന്ന കോളെജ് കുമാരനില്‍ ഒന്നേകാല്‍ കോടി രൂപ പ്രതിഫലം വാങ്ങി താന്‍ അഭിനയിക്കുമെന്ന്?

    എന്നോടിഷ്ടം കൂടാമോ എന്നൊരു കമല്‍ ചിത്രമുണ്ട്. അതില്‍ മുകേഷിന്റെ തല്ലുകൊളളാന്‍ വരുന്ന ഗുണ്ടകളില്‍ ഒരു തമാശക്കാരനുണ്ട്. നായകനില്‍ നിന്ന് അടി വാങ്ങുമ്പോഴും കക്ഷി നമ്മെ ചിരിപ്പിച്ചിരുന്നു. അന്ന് അയാളുടെ പേര് ഗോപാലകൃഷ്ണനെന്നായിരുന്നു.

    മിമിക്രിയും തരികിടയും സഹസംവിധാനവുമായി നടന്ന കക്ഷി, സംവിധായകന്റെ കാലു പിടിച്ചാണ് ഗുണ്ടകളില്‍ ഒരാളായി ആ ചിത്രത്തില്‍ വേഷമിട്ടത്. ആ ഗോപാലകൃഷ്ണന്‍ അന്നറിഞ്ഞിരുന്നോ, താന്‍ ദിലീപ് എന്ന് പേരുമാറ്റുമെന്നും മഞ്ജു വാര്യരില്‍ മീനാക്ഷിക്ക് ജന്മം നല്‍കുമെന്നും സൂപ്പര്‍താരങ്ങളെ വെച്ച് അമ്മയുടെ ബാനറില്‍ ട്വെന്റി ട്വെന്റി നിര്‍മ്മിക്കുമെന്നും?

    പറഞ്ഞു വരുന്നത് ഇതാണ്. ഇന്ന് സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പോന്ന വലിപ്പം ഇവര്‍ക്കുണ്ടായെങ്കില്‍, സ്വന്തം അധ്വാനവും വിയര്‍പ്പുമാണ് അതിലവരുടെ മൂലധനം. സിനിമ പോലൊരു കലാരൂപത്തില്‍ ഈ വിധം പോന്നൊരു വളര്‍ച്ചയുടെ കാരണങ്ങള്‍ തിരയുമ്പോള്‍, സാധാരണക്കാരന് തീരെ പിടികിട്ടാത്ത സമര്‍പ്പണത്തിന്റെ അധ്യായങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് കാണാം.

    വീടും കുടുംബവും ഉപേക്ഷിച്ച്, ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതെ, അടങ്ങാത്ത മോഹത്തിലും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന അഭിനയ ദാഹത്തിലും മാത്രം വിശ്വാസമര്‍പ്പിച്ച് സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ.

    കോടാമ്പക്കത്തെ തല്ലിപ്പൊളി ലോഡ്ജ് മുറികളില്‍ പച്ചവെളളം മാത്രം കുടിച്ച് തളര്‍ന്നുറങ്ങിയപ്പോഴും അധ്വാനിക്കാനും പരിശ്രമിക്കാനുമുളള മനസ് അവരാരും കൈവിട്ടിരുന്നില്ല. കൗമാരവും യൗവനവും തന്റേടത്തോടെ സിനിമയില്‍ മുതല്‍മുടക്കിയവരാണ് ഇന്ന് ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്നത്. ഇന്ന് എയര്‍ കണ്ടീഷന്‍ മുറികളിലും കാരവാനുകളിലും ജീവിക്കുന്നവര്‍, ഒരുകാലത്ത് പൊരിവെയിലത്ത് പൈപ്പ് വെളളവും കുടിച്ച് അലഞ്ഞിട്ടുണ്ട്.

    മലയാളത്തിലെന്നല്ല, ഏത് ഭാഷയിലുമുണ്ട് ഇത്തരം ഉദാഹരണങ്ങള്‍. സമ്പത്തും സുഖസൗകര്യങ്ങളും ലഭിക്കുമ്പോള്‍ ഒരു ശരാശരി മനുഷ്യനുണ്ടാകുന്ന മാറ്റത്തിനപ്പുറമൊന്നും ഇവര്‍ക്കുണ്ടായിട്ടില്ല. അല്ലെങ്കില്‍ തന്നെ, മനുഷ്യര്‍ക്കോ മലയാളിക്കോ ഇല്ലാത്ത എന്ത് ദുര്‍ഗുണങ്ങളാണ് നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്കുളളത്?

    സിനിമയില്‍ മുതലിറക്കിയ ജീവിതത്തിന്റെ പലിശയാണ് ഇവരിന്ന് വാങ്ങുന്ന പ്രതിഫലം. ആരെയും ഭീഷണിപ്പെടുത്തിയോ ഗുണ്ടാ ആക്രമണം നടത്തിയോ അല്ല താരങ്ങള്‍ പ്രതിഫലം വാങ്ങുന്നത്. ചോദിക്കുന്ന പണം കൊടുക്കാതിരിക്കാനുളള എല്ലാ അവകാശവും നിര്‍മ്മാതാവിനുണ്ട്.

    Read more about: mammootty mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X