For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുളസീദാസും നിര്‍മ്മാതാവും കോളെജ് കുമാരനും

  By പരദൂഷണന്‍
  |

  സൂപ്പര്‍താരങ്ങള്‍ക്ക് ഒരു വക്കാലത്ത്......... - 2
  താരത്തിന്റെ പ്രതിഫലവും നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും സാമാന്യബുദ്ധിയും നമുക്ക് കോളെജ് കുമാരന്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒന്ന് ഇഴപിരിച്ച് പരിശോധിക്കാം.

  ഫെയറി ക്വീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി മാര്‍ട്ടിന്‍ നിര്‍മ്മിച്ച ചിത്രമാണ് കോളെജ് കുമാരന്‍. തന്റെ ഇന്നോളമുളള കരിയറില്‍ മോഹന്‍ലാല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് ഈ ചിത്രത്തിനാണെന്നും അത് ഒന്നേകാല്‍ കോടി രൂപയാണെന്നുമാണ് സിനിമാ മേഖലയില്‍ പറഞ്ഞു കേള്‍ക്കുന്നത്. അത് സത്യമെന്നു തന്നെ ധരിക്കുക.

  കോടി രൂപ മോഹന്‍ലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലം കൊടുക്കുംമുമ്പ് ബെന്‍സി മാര്‍ട്ടിന്‍ എന്തെല്ലാം ചിന്തിക്കണമായിരുന്നു? കോളെജ് കുമാരനില്‍ മുതല്‍മുടക്കുമ്പോള്‍ കയ്യൊപ്പോ പരദേശിയോ പോലൊരു ചിത്രമായിരുന്നോ അദ്ദേഹത്തിന്റെ മനസില്‍? രാവണപ്രഭുവിനെയും ഹലോയെയുമൊക്കെ കടത്തിവെട്ടുന്നൊരു വമ്പന്‍ വിജയമായിരുന്നിരിക്കണം നിര്‍മ്മാതാവ് സ്വപ്നം കണ്ടത്. ചെന്നു പെട്ടതോ തുളസീദാസിന്റെയും തിരക്കഥാ കൃത്ത് സുരേഷ് പൊതുവാളിന്റെയും മുന്നില്‍.

  പ്രധാന നടന് ഒരു കോടിക്കു മേല്‍ പ്രതിഫലം കൊടുക്കുന്ന ഒരു ചിത്രത്തിന് ഏറ്റവും കുറഞ്ഞത് മൂന്നു കോടി രൂപയെങ്കിലും നിര്‍മ്മാണച്ചെലവ് മതിക്കും. അതില്‍ കൂടുതലാവുമെങ്കിലേയുളളൂ. അങ്ങനെയൊരു ചിത്രം ഹിറ്റായാല്‍ പോര, മെഗാഹിറ്റെങ്കിലുമാകണം. രണ്ടാഴ്ച കൊണ്ട് ഹോള്‍ഡ് ഓവറാകുന്ന പടമാണ് ലക്ഷ്യമെങ്കില്‍ പ്രധാന താരത്തിന് ഒരു കോടിയ്ക്കു മേല്‍ നിര്‍മ്മാതാവ് പ്രതിഫലം കൊടുക്കില്ല, തല്ലിക്കൊന്നാലും.

  മെഗാ ഹിറ്റോ, സൂപ്പര്‍ ഹിറ്റോ പോയിട്ട് ഒരു വെട്ടൂര്‍ പുരുഷന്‍ ഹിറ്റു പോലും സമീപകാലത്ത് തുളസീദാസ് എന്ന സംവിധായകന്‍ സ്വപ്നം കണ്ടിട്ടില്ല. രക്ഷകനും മിസ്റ്റര്‍ ബ്രഹ്മചാരിയുമൊക്കെ പൊട്ടിത്തകര്‍ന്ന ഒച്ച കേട്ട് സിനിമാ മേഖല മുഴുവന്‍ ഞെട്ടി വിറച്ചതുമാണ്.

  തീര്‍ന്നില്ല, സുരേഷ് പൊതുവാള്‍ എന്നൊരു തിരക്കഥാകൃത്തിന്റെ ബലത്തിലാണ് നിര്‍മ്മാതാവ് മെഗാ ഹിറ്റ് സ്വപ്നം കണ്ടത്. രഞ്ജി പണിക്കരും രഞ്ജിത്തുമൊക്കെ സാദാ ഹിറ്റിനു വേണ്ടി, "ക്ഷ"യും "ഗ്ദ്ധ'യുമൊക്കെ മൂക്കും നാക്കും കൊണ്ട് എഴുതുന്നിടത്താണ് കേവലം രണ്ടു സിനിമകളുടെ പ്രായം മാത്രമുളള സുരേഷ് പൊതുവാളിന്റെ തിരക്കഥയില്‍, ഒരു നിര്‍മ്മാതാവ് കോടികള്‍ വാരിയെറിഞ്ഞത്.

  അച്ഛനെയാണെനിക്കിഷ്ടം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയാണ് സുരേഷ് പൊതുവാളിന്റെ ക്രെഡിറ്റിലെ ചിത്രങ്ങള്‍. പത്തുകോടിയ്ക്കു മേല്‍ വിറ്റു വരവ് പ്രതീക്ഷിക്കുന്ന കച്ചവട പ്രതിഭ ഈ ചിത്രങ്ങളില്‍ ബെന്‍സി മാര്‍ട്ടിന്‍ കണ്ടെങ്കില്‍, അദ്ദേഹത്തിന് ഇതു തന്നെ കിട്ടണമെന്നേ പറയാനുളളൂ.

  ദി കിംഗും പത്രവും ലേലവും ആറാം തമ്പുരാനും രാവണപ്രഭുവുമൊക്കെ സൃഷ്ടിച്ച സംവിധായകരും തിരക്കഥാകാരന്മാരും തങ്ങളുടെ സിനിമ വിജയിപ്പിക്കാന്‍ ചക്രശ്വാസം വലിക്കുകയാണ്. ആ സാഹചര്യത്തില്‍ സുരേഷ് പൊതുവാളിന്റെ തിരക്കഥയില്‍, തുളസീദാസിന്റെ സംവിധാനത്തെ വിശ്വസിച്ച് കോടികള്‍ പുല്ലുപോലെ വലിച്ചെറി‍ഞ്ഞതിനല്ല, ഫെയറി ക്വീന്‍ പ്രൊഡക്ഷന്‍സിന്റെ ഉടമയ്ക്ക് നാം നോബല്‍ സമ്മാനം കൊടുക്കേണ്ടത്. ചിത്രം എട്ടു നിലയില്‍ പൊട്ടിയിട്ടും ഈ സംവിധായകനെയും തിരക്കഥാകൃത്തിനെയും ജീവനോടെ അവശേഷിപ്പിക്കുന്നതിന് സമാധാനത്തിനുളള നോബല്‍ സമ്മാനത്തില്‍ കുറഞ്ഞതൊന്നും ഇദ്ദേഹം അര്‍ഹിക്കുന്നില്ല. (അവാര്‍ഡ് വരുന്ന ഓരോരോ വഴികളേ!)

  സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി, ഒരു കോളെജില്‍ വിദ്യാര്‍ത്ഥി സംഘടനാ യൂണിറ്റുണ്ടാക്കാന്‍ തെരുവില്‍ തല്ലുകൂടാനെത്തുന്ന കഥയാണിതെന്ന് കേള്‍ക്കുന്ന അഞ്ചാം ക്ലാസുകാരനുമറിയാം, സിനിമ എട്ടുനിലയില്‍ പൊട്ടുമെന്ന്.

  കോളെജ് കാന്റീന്‍ നടത്തുന്നയാള്‍, ആ കോളെജിലെ അധ്യാപികയെ അസമയത്ത് ഹോസ്റ്റല്‍ ഗേറ്റിനു വെളിയിലാക്കി പൂട്ടുകയും നെടുനീളന്‍ ഡയഗോലുകള്‍ കീച്ചി, "മെയില്‍ - ഫീമെയില്‍ കണ്‍ഫ്രണ്ടാസി" (വികെഎന്‍ ക്ഷമിക്കട്ടെ!) സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കേട്ടാല്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് പ്രവചിക്കും, ഈ പടം പൊളിയുമെന്ന്.

  എന്നിട്ടും പാവം മാര്‍ട്ടിന് ഇക്കാര്യം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ തുളസീദാസ് കെട്ടു പൊട്ടിച്ച് പറത്തിയ മോഹപ്പട്ടത്തിനൊപ്പം അദ്ദേഹത്തിന്റെ ലാഭമോഹങ്ങള്‍ വാനിടമാകെ പറന്നു കളിച്ചു.

  സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നേതൃത്വം നല്‍കുന്ന ഒരു മാഫിയയെ തല്ലിയൊതുക്കാന്‍ തനിക്ക് ഒരുകോടി രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെടാനുളള മോഹന്‍ലാലിന്റെ അധികാരത്തെ പരദൂഷണന്‍ ചോദ്യം ചെയ്യില്ല. ഈ പണിക്ക് തമിഴിലും തെലുങ്കിലുമൊക്കെ ഇതിന്റെ എത്രയോ ഇരട്ടിയാണ് നിരക്ക്. (സംസ്ഥാന ഗവര്‍ണറായിരുന്നു, സാക്ഷാല്‍ വിനയഭഗവാന്റെ ദാദാ സാഹിബിലെ വില്ലന്‍. വിദ്യാഭ്യാസ മന്ത്രിയെ സുയിപ്പാക്കാന്‍ ഒരു കോടിയാണ് പ്രതിഫലമെങ്കില്‍ ഗവര്‍ണറുടെ കച്ചോടം പൂട്ടിക്കാന്‍ മമ്മൂട്ടി, അതും രണ്ടു മമ്മൂട്ടി, എത്രകോടി രൂപ വാങ്ങണമായിരുന്നു. പോയ ബുദ്ധി സൂപ്പര്‍താരം പിടിച്ചാലും കിട്ടില്ല, ചേട്ടാ!).

  സ്വന്തം പ്രതിഫലം എത്ര വേണമെന്ന് നിശ്ചയിക്കാനുളള അവകാശം ഓരോ താരത്തിനുമുണ്ട്. കയ്യൊപ്പിലും കഥ പറയുമ്പോഴിലും ഒരു പ്രതിഫലവും വാങ്ങാതെയും രൗദ്രത്തില്‍ വാങ്ങാവുന്നതിന്റെ ഏറ്റവും കൂടുതല്‍ പ്രതിഫലം ചോദിച്ചും അഭിനയിക്കാനുളള സ്വാതന്ത്ര്യം മമ്മൂട്ടിക്കില്ലേ? കോളെജു കുമാരന്റെ പ്രതിഫലത്തിനാണോ മോഹന്‍ലാല്‍ പരദേശിയില്‍ അഭിനയിച്ചത്? പ്രേക്ഷകന്റെ ചില ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാന്‍ കുറേപ്പേര്‍ തയ്യാറാകുമ്പോള്‍, തങ്ങളുടെ താരമൂല്യം കോടികളുടെ പ്രതിഫലമായി സൂപ്പര്‍താരങ്ങളും ഈടാക്കുന്നുവെന്നതല്ലേ സത്യം? അതില്‍ തെറ്റുണ്ടോ, യുവര്‍ ഓണര്‍!

  അടുത്ത പേജില്‍

  ബന്ധപ്പെട്ട വാര്‍ത്തകള്‍


  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X