For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പാഠങ്ങള്‍ക്കും ചെലവ് കോടികള്‍

  By പരദൂഷണന്‍
  |

  സൂപ്പര്‍താരങ്ങള്‍ക്ക് ഒരു വക്കാലത്ത്......... - 3
  തുളസീദാസിനെയും വിനയനെയും പോലുളള സംവിധായകര്‍ നിര്‍മ്മാതാക്കളെ അന്വേഷിച്ചു പോകുമ്പോള്‍ വേറെ ചില സംവിധായകരെ അന്വേഷിച്ച് നിര്‍മ്മാതാക്കള്‍ വരുമെന്നതാണ് മലയാള സിനിമയിലെ നടപ്പുരീതി. ഈ വ്യത്യാസമാണ് മാക്ട ഫെഡറേഷനും പുതിയ സംഘടനയും തമ്മിലുളളത്.

  എങ്ങനെയും ഏതു കളളം പറഞ്ഞും ഒരു നിര്‍മ്മാതാവിനെ ചാക്കിലാക്കാന്‍ നടക്കുന്ന സംവിധായകരുടെ സംഘടന ഒരു ഭാഗത്ത്. നിര്‍മ്മാതാവിന്റെ വണ്ടി തങ്ങളുടെ വീടുതേടി വരുമെന്ന് ഉറപ്പുളള സംവിധായകര്‍ ഒരു ഭാഗത്ത്. മാക്ടയിലെ പിളര്‍പ്പിനെ അങ്ങനെ വേണം കാണാന്‍.

  തങ്ങളുടെ ഇനിയുളള ഏതെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഫെയറി ക്വീന്‍ പ്രൊഡക്ഷന്‍സ് തുളസീദാസിനെ അനുവദിക്കുമോ? (ബെന്‍സി മാര്‍ട്ടിന്‍ അതിനിപ്പോഴും ജീവനോടെയുണ്ടോ ആവോ?). മോഹന്‍ ലാലിനെ വെച്ച് അവര്‍ ഇനിയുമൊരു പക്ഷേ സിനിമ നിര്‍മ്മിച്ചേക്കാം. ആ വ്യത്യാസമാണ് മാക്ട പിളര്‍ന്നതിലെ നന്മ.

  കാമ്പും കഴമ്പുമുളള കഥയുടെ, ലക്ഷ്യബോധമുളള സിനിമയുടെ മുന്നില്‍ ഏത് സൂപ്പര്‍താരവും ആട്ടിന്‍കുട്ടിയാകും. വര്‍ഷം കുറെയായില്ലേ അവരുമിക്കളി തുടങ്ങിയിട്ട്. മോഹന്‍ലാലിന്റെ അമാനുഷിക വേഷത്തില്‍ നാലു കോടിയിറക്കിയാല്‍ പത്തു കോടി തിരികെ കിട്ടുമെന്ന പ്രതീക്ഷയുമായി വരുന്നവരോട് അദ്ദേഹമെന്തിന് കരുണ കാണിക്കണം? അതില്‍ തന്റെ വിഹിതം പറ്റാനേ ഏത് നടനും ശ്രമിക്കൂ.

  പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ക്ക് പണം മുടക്കുന്ന നിര്‍മ്മാതാവിന് കിട്ടേണ്ടതു തന്നെയാണ് കോളെജ് കുമാരന്റെ നിര്‍മ്മാതാവിനും കിട്ടിയത്. ബുദ്ധിപൂര്‍വം മുതല്‍മുടക്കേണ്ട മേഖലയാണിതെന്നറിയാതെ, ആരെങ്കിലും പറയുന്ന വാക്കും കേട്ട് സിനിമ പിടിക്കാനിറങ്ങിയാല്‍ ഇങ്ങനെ തന്നെ വരണം.

  വലിയൊരു അനുഭവപാഠം ഉള്‍ക്കൊളളാന്‍ പാവം നിര്‍മ്മാതാവിന് മുടക്കേണ്ടി വന്ന തുകയുടെ വലിപ്പം കണ്ട് നാം കണ്ണു തളളാതിരിക്കുക. ചെറിയ പാഠങ്ങള്‍ പോലും പഠിക്കാന്‍ ചിലര്‍ക്ക് വന്‍തുക മുടക്കേണ്ടി വന്നേക്കാം.

  വേറെ കച്ചവടവും കയ്യില്‍ പൂത്ത കാശുമുളളവര്‍ക്ക് രണ്ടോ നാലോ കോടി പോയാലും ഒന്നും വരാനില്ല. എന്നാല്‍ ഒരു പുരുഷായുസിന്റെ അധ്വാനം മുഴുവന്‍ കലയോടുളള അഭിനിവേശം കൊണ്ട് മുതലിറക്കാന്‍ വരുന്നവര്‍ അത്യാവശ്യം ഗൃഹപാഠം ചെയ്യണം. കുറഞ്ഞ പക്ഷം ബെന്‍സി മാര്‍ട്ടിനെപ്പോലുളളവരോട് കാര്യങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യുകയെങ്കിലും വേണം, ഇനി വരുന്നവര്‍.

  ഒരു കയ്യൊപ്പോ, പരദേശിയോ സൃഷ്ടിക്കാനായി അങ്ങനെ വരുന്നവരോട് സൂപ്പര്‍താരങ്ങള്‍ അനുഭാവത്തോടെയല്ലേ ഇന്നുവരെ പ്രതികരിച്ചിട്ടുളളത്? അപ്പോഴെങ്ങനെയാണ് വിനയ ഭഗവാനേ അവര്‍ അസുരന്മാരാകുന്നത്?

  അതിനാല്‍, സാഹചര്യത്തെളിവുകളുടെയും മുന്‍കാലാനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സൂപ്പര്‍താരങ്ങളെ വെറുതെ വിടണമെന്ന് പ്രേക്ഷകരുടെ കോടതിയോട് പരദൂഷണന്‍ താഴ്മയായി അപേക്ഷിക്കുന്നു. ദാറ്റ്സ് ആള്‍, യുവര്‍ ഓണര്‍.

  മുന്‍പേജുകളില്‍


  ബന്ധപ്പെട്ട വാര്‍ത്തകള്‍


  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X