നരേന്ദ്ര മോദിക്ക് പിന്നാലെ മാന്‍ v/s വൈല്‍ഡില്‍ പങ്കെടുക്കാന്‍ രജനീകാന്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അടുത്തതായി സ്റ്റൈല്‍മന്നനും പങ്കെടുക്കും. ലോകമെമ്പാടുമായി നിരവധി കാഴ്ചക്കാരുളള പരിപാടി കൂടിയാണിത്. മാന്‍ v/s വൈല്‍ഡിന്റെ അടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിക്കുന്നത്.

ഈ എപ്പിസോഡിലാണ് രജനീകാന്തും അതിഥിയായി പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നായിരുന്നു മോഡി പങ്കെടുത്ത മാന്‍ v/s വൈല്‍ഡ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നു മോദി പങ്കെടുത്ത എപ്പിസോഡ് ചിത്രീകരിച്ചിരുന്നത്. പര്‍വതങ്ങളിലും കാട്ടിലും ജീവിച്ചതിന്റെ അനുഭവങ്ങള്‍ ഷോയില്‍ മോഡി പങ്കുവെച്ചിരുന്നു.
പരിപാടിയില്‍ ഇവര്‍ കാട്ടിലൂടെയും നദിയിലൂടെയുമൊക്കെ യാത്ര ചെയ്യുന്നതും കാണിച്ചിരുന്നു. ഡിസ്‌കവറിയൂടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് മാന്‍ v/s വൈല്‍ഡ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മുന്‍പ് ബരാക്ക് ഒബാമ, കെയ്റ്റ് വിന്‍സ്ലെറ്റ്, റോജര്‍ ഫെഡറര്‍, ജൂലിയ റോബര്‍ട്ട്‌സ് തുടങ്ങിയ പ്രമുഖരും ബെയര്‍ ഗ്രില്‍സിന്റെ അതിഥികളായി പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിലും പരിപാടി കാണാം.


Click it and Unblock the Notifications











