ഫ്ലാഷ് തെളിയുമോ?
തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ ക്രിസ്മസ് ചിത്രമായ ഫ്ലാഷുമായെത്തുന്നത്. സൂപ്പര്‍ഹിറ്റായ ഹലോക്കു ശേഷം പരാജയങ്ങളുടെ കഥ മാത്രമാണ് മോഹന്‍ലാലിന് പറയാനുള്ളത്. അലിഭായി, പരദേശി, റോക്ക് എന്‍ റോള്‍... പരാജയങ്ങളില്‍ നിന്നു നിവര്‍ന്നുനില്‍ക്കാന്‍ ഫ്ലാഷിന്റെ തിളക്കം ബോക്സോഫീസിനെ കീഴടക്കിയേ മതിയാവൂ.
സിബി മലയിലുമായി ചേര്‍ന്ന് മോഹന്‍ലാല്‍ ഫ്ലാഷ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുമ്പോള്‍ വിജയപ്രതീക്ഷ ഉയരങ്ങളിലാണ്. റോക്ക് എന്‍ റോളും അലിഭായിയും പോലെ ഫ്ലാഷ് കുറഞ്ഞ സമയത്തിനുള്ളില്‍ തട്ടിക്കൂട്ടിയ ഒരു ചിത്രമല്ലെന്നതാണ് മോഹന്‍ലാലിന് നല്‍കുന്ന പ്രതീക്ഷ.
ഛോട്ടാ മുംബൈ, ഹലോ എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അമിതമായ ആത്മവിശ്വാസം മാത്രം കൈമുതലാക്കി ശക്തമായ ഒരു തിരക്കഥയില്ലാതെ തട്ടികൂട്ടിയെടുത്ത ചിത്രമാണ് അലിഭായി. ഷാജി കൈലാസ് പോലുള്ള ബ്രാന്റുകളില്‍ മോഹന്‍ലാല്‍ അമിതമായ വിശ്വാസം പുലര്‍ത്തുന്നതിനുള്ള തിരിച്ചടി അലിഭായിയില്‍ നിന്നും വേണ്ടുംവണ്ണം മോഹന്‍ലാലിന് കിട്ടി.
അത് തന്നെയാണ് റോക്ക് എന്‍ റോളിലും സംഭവിച്ചത്. രഞ്ജിത്ത് എന്ന സംവിധായകന്‍ ഇപ്പോള്‍ അസ്ത്രമൊഴിഞ്ഞ ആവനാഴിയാണെന്ന് മനസിലാക്കാതെ പോയതിലുള്ള പിഴവ്. മുടി നീട്ടി, കാതില്‍ കുണുക്കും കഴുത്തില്‍ വലിയ ശംഖുമാലയുമായി മോഹന്‍ലാല്‍ തിമര്‍ത്താടിയ റോക്ക് എന്‍ റോള്‍ എട്ടുനിലയില്‍ പൊട്ടി.
അലിഭായിയും റോക്ക് എന്‍ റോളും പോലല്ല ഫ്ലാഷ്. രണ്ട് സിനിമക്കും ശക്തമായ തിരക്ഥയുണ്ടായിരുന്നില്ല. പ്രേക്ഷകരോട് പറയാന്‍ വ്യത്യസ്തമായ കഥയുമുണ്ടായിരുന്നില്ല. എന്നാല്‍ സിബി മലയിലും നവാഗത തിരക്കഥാകൃത്തായ എസ്.ഭാസുരചന്ദ്രനും നാല് വര്‍ഷത്തോളം വര്‍ക്ക് ചെയ്താണ് ഫ്ലാഷിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നന്നായി ഗൃഹപാഠം ചെയ്തുണ്ടാക്കിയ തിരക്കഥ ഈ ചിത്രത്തിനുണ്ട്. അത് ക്ലിക്കാവുമോയെന്നാണ് ഇനി അറിയേണ്ടത്.
മുന്‍ പേജ്-
അടുത്ത പേജുകള്‍-


Click it and Unblock the Notifications