ദിലീപ് ചിത്രം അഞ്ചു മാസത്തിനു ശേഷം
അഞ്ചു മാസത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തുന്നത്. ജൂലൈയില്‍ റിലീസ് ചെയ്ത ജൂലൈ നാലിനു ശേഷം പല കാരണങ്ങളാല്‍ ദിലീപിന് പുതിയൊരു ചിത്രം തിയേറ്ററുകളിലെത്തിക്കാനായില്ല. ഈ മാസങ്ങളിലെ ദിലീപിന്റെ ഡേറ്റ് ഭൂരിഭാഗവും കവര്‍ന്ന കല്‍ക്കത്താ ന്യൂസ് റിലീസിംഗിന് തയ്യാറാകുന്നതേയുള്ളൂ.
ഡിസംബര്‍ 14നെത്തുന്ന റോമിയോയില്‍ ദിലീപിന് പ്രതീക്ഷകളേറെയാണ്. തുടര്‍ച്ചയായ പരാജയങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന രാജസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നതെങ്കിലും റോമിയോക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകരെന്ന നിലയിലും തിരക്കഥാകൃത്തുക്കളെന്ന നിലയിലും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കുന്ന റാഫി മെക്കാര്‍ട്ടിനാണ്. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായ മായാവിയുടെയും ഹലോയുടെയും തിരക്കഥ റാഫി മെക്കാര്‍ട്ടിന്റേതാണ്. ഹലോ സംവിധാനം ചെയ്തതും റാഫി മെക്കാര്‍ട്ടിന്‍ തന്നെ.
വിനോദയാത്രയാണ് ഈ വര്‍ഷത്തെ ദിലീപിന്റെ ഏക സൂപ്പര്‍ഹിറ്റ്. ദിലീപിന്റെ മറ്റു ചിത്രങ്ങളായ ഇന്‍സ്പെക്ടര്‍ ഗരുഡ്, സ്പീഡ് ട്രാക്ക്, ജൂലൈ നാല് എന്നിവയുടെ ബോക്സോഫീസ് പ്രകടനം ശരാശരിയിലും താഴെയാണ്.
അഞ്ചു മാസം ഒരു ചിത്രം പോലും റിലീസ് ചെയ്യാനാവാതെ പോയ ദിലീപിന് ആ കുറവ് നികത്താന്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും മതിയാകില്ല. കഴിഞ്ഞ രണ്ടു വര്‍ഷവും ദിലീപിന് ക്രിസ്മസ് ചിത്രങ്ങളുണ്ടായിരുന്നില്ല. ഇക്കുറി ക്രിസ്മസിന് ചിരി നമ്പരുകളിലൂടെ ദിലീപ് ബോക്സോഫീസ് കൈയടക്കുമോ?
മുന്‍ പേജുകള്‍-


Click it and Unblock the Notifications