പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയ
മലയാള സിനിമ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത നടന്‍മാരില്‍ ഒരാളാണ് സുകുമാരന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അദ്ദേഹം മോളിവുഡില്‍ തിളങ്ങിയിരുന്നു. സുകുമാരന്റെ സിനിമകള്‍ക്കെല്ലാം എന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളായിരുന്നു സുകുമാരന്‍. അദ്ദേഹത്തിന്റെ മരണ ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം സിനിമയില്‍ തിളങ്ങിയത്.
ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ രണ്ട് താരങ്ങളാണ് ഇവര്‍. അച്ഛന്റെ ആഗ്രഹം സഫലീകരിച്ചുകൊണ്ടാണ് പൃഥ്വിരാജ് സംവിധായകനായി മാറിയിരുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ പിതാവിനായിരുന്നു പൃഥ്വി സമര്‍പ്പിച്ചിരുന്നത്. സിനിമയില്‍ തിളങ്ങിയ ശേഷവും അച്ഛനൊപ്പമുളള ഓര്‍മ്മകള്‍ പൃഥ്വി പങ്കുവെക്കാറുണ്ട്.

സുകുമാരനൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചാണ് പൃഥ്വി മുന്‍പ് എത്തിയിരുന്നത്. പൃഥ്വിയെ പോലെ തന്നെ ഇന്ദ്രജിത്തും അച്ഛനെക്കുറിച്ച് പലപ്പോഴും മനസുതുറക്കാറുണ്ട്. നടന്‍ സുകുമാരന്‍ വിട്ടുപോയിട്ട് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുകയാണ്. അച്ഛന്റെ ഓര്‍മ്മദിനത്തില്‍ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെതുമായി വന്ന പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

അച്ഛന് അഭിമാനമാവാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു. എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. ഒപ്പം സുകുമാരന്റെ ഒരു പഴയകാല ചിത്രവും പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പൃഥ്വിക്ക് പിന്നാലെ സുപ്രിയയുടെതായി വന്ന പോസ്റ്റും ശ്രദ്ധേയമായിരുന്നു.

തനിക്ക് കാണാന്‍ സാധിക്കാതെ പോയ അച്ഛനെക്കുറിച്ച് മനസുതുറന്നുകൊണ്ടാണ് താരപത്‌നി എത്തിയിരുന്നത്. ഞാന്‍ ഒപ്പം ജീവിക്കുന്ന ആളില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്. അദ്ദേഹം കാഴ്ചയിലും പെരുമാറ്റത്തിലും പ്രത്യേകിച്ച് മനോഭാവത്തിലും. താങ്കളെപ്പോലെയെന്ന് എല്ലാവരും പറയാറുണ്ട്. ഇതെല്ലാം കാണാന്‍ അല്ലിക്കും എനിക്കും കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

എന്നും ഞങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ത്തിരിക്കും എന്നാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം പൃഥ്വിരാജുമായി രൂപസാദൃശ്യം തോന്നുന്ന സുകുമാരന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയും പങ്കിട്ടാണ് സുപ്രിയ എത്തിയത്. പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്ത് സുകുമാരനും അച്ഛന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നു. 1997 ജൂണ്‍ 16നായിരുന്നു ഹൃദയാഘാതം മൂലം സുകുമാരന്‍ അപ്രതീക്ഷിതമായി വിടവാങ്ങിയത്. 49 വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ബന്ധനം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുകുമാരന് ലഭിച്ചിരുന്നു. സുകുമാരന് പുറമെ ഭാര്യ മല്ലികാ സുകുമാരനും സിനിമകളില്‍ തിളങ്ങിയിരുന്നു. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും താരപത്‌നി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications