'ഞാനും ആ പാർട്ടിയിൽ പെട്ട ആളാണ്'; ന്നാ താൻ കേസ് കൊട് സിനിമയെ പിന്തുണച്ച് സുരഭി
തിയറ്ററിൽ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ന്നാ താൻ കേസ് കൊട് എന്ന സിനിമ. ചാക്കോച്ചൻ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്ത കഥാപാത്രമാണെന്നും നടൻ അനായാസം ഈ കഥാപാത്രത്തെ അവതരിപ്പിച്ചെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
Recommended Video

ഇതിനിടെ സിനിമയ്ക്കെതിരെ ചില ബഹിഷ്കരണ ആഹ്വാനങ്ങളും വന്നിരുന്നു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് വന്ന സിനിമയുടെ പരസ്യമായിരുന്നു ഇതിന് കാരണമായത്.
സംസ്ഥാന സർക്കാരിനെ പരിഹസിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ഇടത് അനുകൂലികൾ സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം നടത്തിയത്. ഇപ്പോഴിതാ ഇതേ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. വിമർശിച്ചത് താനും കൂടെ ഉൾപ്പെട്ട പാർട്ടിയെ ആണെന്നും പക്ഷെ സിനിമയ്ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളെ അനുകൂലിക്കുന്നില്ലെന്നും സുരഭി പറഞ്ഞു.

'ഞാനും ആ പാർട്ടിയിൽ പെട്ട ഒരാളാണ്. പക്ഷെ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണ്. നമ്മൾ നികുതി അടച്ചാണല്ലോ ഈ റോഡിൽ കൂടെ നടക്കുന്നത്. അത് നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. അവരത് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്'
'പിന്നെ പലപ്പോഴും ഗൾഫിലുള്ളവരൊക്കെ നമ്മുടെ റോഡിനെ പറ്റി കുറ്റം പറയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ നമ്മുടെ കാലാവസ്ഥ സാഹചര്യങ്ങളും എല്ലാം വ്യത്യസ്തം തന്നെയാണ്. ഈ സിനിമയുടെ ഡയരക്ടർ അടക്കം ആ പാർട്ടിയിലുള്ള ആളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കല എന്ന് പറയുന്നത് അതിന്റെ ധർമ്മം നിർവഹിക്കുമെന്നാണ് ഈ സിനിമ കാണിച്ചിരിക്കുന്നത്,' സുരഭി ലക്ഷ്മി പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും മികച്ച പ്രകടനമാണിതെന്നും സുരഭി അഭിപ്രായപ്പെട്ടു. 'രണ്ടാമത്തെ വരവിൽ ചാക്കോച്ചൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ടെങ്കിലും നടൻ എന്ന നിലയ്ക്ക് കഥാപാത്രമായി മാറിയിട്ടുള്ള സിനിമയായി ഇത് തോന്നി. ചാക്കോച്ചനെന്ന നടനെ നമ്മൾ മറന്ന് പോവും. ഇതിലുള്ള കഥാപാത്രമേ നമ്മളുടെ മനസ്സിൽ നിൽക്കുന്നുള്ളൂ'
'സിനിമയിലുള്ള മറ്റുള്ളവർ അധികം പരിചയമില്ലാത്ത ആളുകളുമായത് കൊണ്ട് ആ കൂട്ടത്തിൽ ഒരാളായെ ചാക്കോച്ചനെ തോന്നുന്നുള്ളൂ,' സുരഭി പറഞ്ഞു. രതീഷ് പൊതുവാളാണ് ന്നാ താൻ കേസ് കൊട് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഗെറ്റപ്പും ദേവദൂതർ പാടി എന്ന ഗാനത്തിലെ ചുവടുകളും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരവിന്ദ് സ്വാമിയോടൊപ്പം എത്തുന്ന ഒറ്റാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത സിനിമ.


Click it and Unblock the Notifications











