സുധീന്ദ്രന്റെ ഗര്‍ഭവുമായി ഗര്‍ഭശ്രീമാന്‍
അടുത്തിടെ മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള വിഷയവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ന്യൂ ജനറേഷന്‍ എന്ന പ്രയോഗത്തെ പലരും തള്ളിപ്പറയാറുണ്ടെങ്കിലും സിനിമയിലെ വിഷയത്തിലും രീതികളിലുമെല്ലാം പുതുമ അനുഭവപ്പെടുന്നുണ്ടെന്നുള്ളത് തള്ളിക്കളയാന്‍ കഴിയാത്ത കാര്യമാണ്. മലയാളത്തില്‍ അധികം കൈകാര്യം ചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയമായിരുന്നു ഗര്‍ഭവും പ്രസവവുമെല്ലാം.
എന്നാല്‍ കളിമണ്ണ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ബ്ലെസ്സിയും സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ അനീഷ് അന്‍വറും ഈ വിഷയവും മനോഹരമായിത്തന്നെ സിനിമയില്‍ അവതരിപ്പിക്കാമെന്ന് തെളിയിച്ചു. ഇപ്പോഴിതാ ഈ നിരയില്‍ വീണ്ടുമൊരു ചിത്രമൊരുങ്ങുകയാണ്. ഇത്തവണ സ്ത്രീകളുടെ ഗര്‍ഭമല്ല പുരുഷ ഗര്‍ഭമാണ് വിഷയമെന്നുമാത്രം.

പുരുഷഗര്‍ഭം വിഷയമാക്കുന്ന ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകനായി എത്തുന്നത്. പ്രശസ്ത ക്യാമറാമാനായ അനില്‍ ഗോപിനാഥിന്റെ ആദ്യ സംവിധാന സംരംഭമാണ് ഗര്‍ഭശ്രീമാന്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു പുരുഷന്‍ ഗര്‍ഭം ധരിയ്ക്കുന്നുവെന്ന വാദത്തോടെയാണ് ചിത്രമൊരുങ്ങുന്നത്. ഒരു പുരാണ കഥയെ ആസ്പദമാക്കിയാണ് അനില്‍ ഗോപിനാഥിന് വേണ്ടി സുവചനന്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
നാട്ടുംപുറത്തുകാരനായ സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. താന്‍ ഗര്‍ഭംധരിച്ചിരിക്കുകയാണെന്ന് സുധീന്ദ്രന്‍ അറിയുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണഗര്‍ഭവുമായി സുരാജ് നില്‍ക്കുന്ന ഫോട്ടോകളുമായി ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിട്ടുണ്ട്.
സിദ്ദിഖ്, ലാല്‍, നെടുമുടി വേണു, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ബേബി എസ്തര്‍, അംബികാ മോഹന്‍ തുടങ്ങിയവരെല്ലാം ഒന്നിയ്ക്കുന്ന ചിത്രത്തില്‍ പുതുമുഖതാരമാണ് നായികയാിയ എത്തുന്നത്.


Click it and Unblock the Notifications











