പേടിത്തൊണ്ടനില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഷാപ്പ് പാട്ട്
ദേശീയ പുരസ്‌കാരജേതാവായ നടന്‍ സുരാജ് വെഞ്ഞാറമൂട് ഗായകനായി. പേടിത്തൊണ്ടന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സുരാജ് പാടിയിരിക്കുന്നത്. കള്ളുഷാപ്പുകളില്‍ പാടുന്നതരത്തില്‍പ്പെട്ട പാട്ടാണ് ചിത്രത്തിനായി സുരാജ് പാടിയിരിക്കുന്നത്. അണിയറക്കാര്‍ സുരാജിന്റെ ഗാനം പുറത്തുവിട്ടിട്ടുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അത് കരളിനെ എന്നപോലെ കുടുംബത്തെയും തകര്‍ത്ത് കളയുന്നു എങ്കിലും...എന്നുതുടങ്ങുന്ന ഒരു വിവരണത്തിന് ശേഷമാണ് സുരാജിന്റെ ഗാനം തുടങ്ങുന്നത്. അങ്ങട്ട്ക്കിട്ടേട്ടാ നിങ്ങള് കണ്ടത്ത് പോകുമ്പോ...എന്നേയും കൂട്ടേണം എന്നിങ്ങനെയാണ് ഗാനം തുടങ്ങുന്നത്. എന്തായാലും അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാന്‍ പോകുന്ന ഗാനമാണിതെന്നകാര്യം ഉറപ്പിക്കാം.

പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, മേല്‍വിലാസം, തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത പ്രദീപ് ചൊക്ലി നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേടിത്തൊണ്ടന്‍. കുട്ടിക്കാലം മുതലേ പേടിത്തൊണ്ടനായ രാജീവ് എന്ന യുവാവിന്റെ മാനസിക പ്രശ്‌നങ്ങളും അതുമൂലം അയാള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ഒടുവില്‍ അയാള്‍ പേടിയെ മറികടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് പേടിത്തൊണ്ടന്‍ ഒരുങ്ങുന്നത്. നര്‍മ്മത്തില്‍ ചാലിച്ചാണ് പ്രദീപ് ചൊക്ലി ഈ ചിത്രമൊരുക്കുന്നത്. സിനിമയില്‍ തിരുവനന്തപുരം സ്ലാങ്ങിനെ പോപ്പുലറാക്കിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒട്ടുമിക്ക ചിത്രങ്ങളിലും സ്വന്തം സ്ലാങ്ങിലാണ് സുരാജ് സംസാരിക്കാറുള്ളത്. എന്നാല്‍ പേടിത്തൊണ്ടനില്‍ സുരാജിന്റെ കണ്ണൂര്‍ സ്ലാങ്ങാണ് കേള്‍ക്കാന്‍ കഴിയുക.
ജൂണില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ അനുശ്രീ, മധുപാല്‍, നിലമ്പൂര്‍ ആയിഷ, നൂറിയ, ഉല്ലാസ് പന്തളം, സിനോജ് കലാഭവന്‍ തുടങ്ങിയവരെല്ലാം വേഷമിടുന്നുണ്ട്. യു പ്രസന്നകുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











