തൊണ്ടിമുതലിന് ശേഷം സുരാജും നിമിഷയും വീണ്ടും! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ പേജിലൂടെ
സംസ്ഥാന പുരസ്‌കാര നേട്ടത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുളള സ്റ്റേറ്റ് അവാര്‍ഡ് നടന് ലഭിച്ചത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ തുടങ്ങിയ സുരാജ് ഇപ്പോള്‍ എല്ലാതരം വേഷങ്ങളും ചെയ്തുകൊണ്ടാണ് തിളങ്ങിനില്‍ക്കുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളാണ് സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ കൂടുതലായി ചെയ്തുകൊണ്ടിരിക്കുന്നത്.

അതേസമയം സുരാജ് നായകനാവുന്ന എറ്റവും പുതിയ ചിത്രത്തെ കുറിച്ചുളള അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന സുരാജ് ചിത്രത്തില്‍ നിമിഷാ സജയനാണ് നായികയാവുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ശ്രദ്ധേയ ചിത്ത്രതിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോ തോമസിനെ നായകനാക്കി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ജിയോ ബേബി.
സുരാജ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 18ന് വൈകുന്നേരം നാല് മണിക്കാണ് പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് സുകുമാരനാണ് ഫസ്റ്റ്‌ലുക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണിത്. രണ്ട് പെണ്‍കുട്ടികള്‍,കുഞ്ഞുദൈവം തുടങ്ങിയവയാണ് സംവിധായകന്റെ മറ്റ് ചിത്രങ്ങള്‍. അതേസമയം മുന്‍പ് മൂന്ന് തവണ മികച്ച ഹാസ്യ നടനുളള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന തലത്തില്‍ സുരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സുരാജ് സിനിമകളായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വികൃതിയും. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അറുപത് വയസിലധികം പ്രായമുളള ഭാസ്‌കര പൊതുവാളായും വികൃതിയില്‍ ഊമയായ ഏല്‍ദോ എന്ന കഥാപാത്രത്തെയും ആണ് സുരാജ് അവതരിപ്പിച്ചിരുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവില്‍ കൈനിറയെ സിനിമകളുമായിട്ടാണ് സുരാജ് വെഞ്ഞാറമൂട് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം സുരാജിനെ പോലെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്‌കാരം ലഭിച്ചത്. നിമിഷ സജയന്റെതായും നിരവധി പുതിയ സിനിമകള്‍ മലയാളത്തില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications