ഹാസ്യ വേഷങ്ങളില്‍ നിന്നും സുരാജ് അപ്രത്യക്ഷമാകുന്നോ? മറ്റൊരു വ്യത്യസ്ത കഥാപാത്രം, വേലായുധന്‍!
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ കലാകാരനാണ് സുരാജ് വെഞ്ഞാറമ്മൂട്. പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങളെ സുരാജ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. സ്വഭാവ വേഷങ്ങളിലും തനിക്ക് ശോഭിക്കാന്‍ സാധിക്കുമെന്ന് പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെ സുരാജ് തെളിയിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കി.
അതിന് പിന്നാലെ ഹാസ്യ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ സുരാജിനെ അധികം കണ്ടിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്ത സുരാജ് മറ്റൊരു ഞെട്ടിക്കുന്ന കഥാപാത്രവുമായി എത്തുകയാണ്.

വേലായുധന്‍
വിനീത് ശ്രീനിവസാന്‍ നായകനാകുന്ന ആന അലറലോടലറല്‍ എന്ന ചിത്രത്തിലാണ് സുരാജ് വേലായുധന്‍ എന്ന വ്യത്യസ്ത കഥാപാത്രവുമായി എത്തുന്നത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്പം പ്രായമേറിയ കഥാപാത്രമാണ് വേലായുധന്‍. സുരാജിന്റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രമാണ് വേലായുധന്‍.

ആന അലറലോടലറല്‍
വിനീത് ശ്രീനിവാസന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന അലറലോടലറല്‍. ശരത് ബാലന്റേതാണ് തിരക്കഥ. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

ആന കേന്ദ്രകഥാപാത്രം
ആനക്കഥകള്‍ പറയുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അവയില്‍ ഏറിയ പങ്കും ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ആന കേന്ദ്രകഥാപത്രമാകുന്ന ചിത്രം മലയാളത്തില്‍ ഇറങ്ങുന്നത്.

ആക്ഷേപ ഹാസ്യം
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം ആക്ഷേപ ഹാസ്യമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദം ഫെയിം വിശാഖ്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ഹരീഷ് കണാരന്‍, മാമുക്കോയ, അപ്പുണ്ണി ശശി, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ജിമ്മിക്കി കമ്മലിന് ശേഷം
ഭാഷയുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് തരംഗമായി മാറിയ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിന് ശേഷം ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. പൊയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











