ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ സൗബിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമൂട്! സിനിമ ഉടന്‍
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളാണ് സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനം ഇരുവരും കാഴ്ചവെച്ചിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന രണ്ട് സിനിമകളില്‍ സുരാജ് വെഞ്ഞാറമൂടും സൗബിനും അടുത്തിടെ അഭിനയിച്ചിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25, വികൃതി തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ സൗബിന്‍ ഷാഹിറിന്റെ പിതാവായിട്ടാണ് സുരാജ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായി സൗബിന്‍ എത്തുമ്പോള്‍ അച്ഛനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. നവാഗതനായ രതീഷ് പൊതുവാളാണ് സിനിമയുടെ സംവിധായകന്‍. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സയന്‍സ് ഫിക്ഷന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ബോളിവുഡില്‍ മുന്‍പ് പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുളള സംവിധായകന്‍ കൂടിയാണ് രതീഷ് പൊതുവാള്‍. സാനു ജോണ്‍ വര്‍ഗീസാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവംബറിലാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications