സുരാജിന്റെ നായികയായി നസ്രിയ! വില്ലനായി ഫഹദ്! ഒപ്പം മമ്മൂട്ടിയും
ലോക് ഡൗണ്‍ കാലത്ത് രസകരമായ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പഴയ സിനിമകളിലെ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്തുകൊണ്ടുളള വീഡിയോകളാണ് പുറത്തുവരുന്നത്. ലോക് ഡൗണ്‍ കാലമായതിനാല്‍ കണ്ടുമറന്ന സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയ കഥകള്‍ മെനയുകയാണ് പലരും. ഇത്തവണ നടന്‍ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുതിയ വീഡിയോയില്‍ സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയുടെ ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ കഥാപശ്ചാത്തലത്തില്‍ നിന്നും തുടങ്ങുന്ന വീഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്‌സാക്ഷിയും അണ്ണന്‍ തമ്പി, വരത്തന്‍, ചട്ടമ്പിനാട്, ആക്ഷന്‍ ഹീറോ ബിജു, മീശമാധവന്‍ വരെയുളള സിനിമകള്‍ കോര്‍ത്തിണക്കിയാണ് പുരോഗമിക്കുന്നത്.
സുരാജിനും നസ്രിയയ്ക്കും ഫഹദിനും പുറമെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥി താരങ്ങളായും എത്തുന്നുണ്ട്. അടിപൊളി.....അല്ലാതെ ഇതിനെയൊക്കെ എന്താ പറയാ. ഒത്തിരി സ്‌നേഹത്തോടെ നന്ദി കൂട്ടുകാരാ എന്ന് കുറിച്ചുകൊണ്ടാണ് രസകരമായ പുതിയ വീഡിയോ സുരാജ് വെഞ്ഞാറമൂട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുരാജിന് പിന്നാലെ ആരാധകരും വീഡിയോ ഏറ്റെടുത്തിരുന്നു. ട്രോള്‍ വീഡിയോകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമാവാറുളള കഥാപാത്രമാണ് സുരാജിന്റെ ദശമൂലം ദാമു. ദാമുവിനെ വെച്ച് മുന്‍പും നിരവധി വീഡിയോകളും ട്രോളും പുറത്തിറങ്ങിയിരുന്നു. മിക്ക വീഡിയോകളും തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരാജ് വെഞ്ഞാറമൂട് പങ്കുവെക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് സുരാജ് വെഞ്ഞാറമൂട്.
ലോക് ഡൗണ്‍ കാലത്തും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടന്‍ പങ്കുവെച്ചിരുന്നു. ഒപ്പം കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായും സുരാജ് വെഞ്ഞാറമൂട് മിക്കപ്പോഴും എത്താറുണ്ട്. മലയാളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളിലെല്ലാം തന്നെ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ഹാസ്യ വേഷങ്ങളില്‍ നിന്നുമാണ് നായക നടനായും സുരാജ് വെഞ്ഞാറമൂട് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്.


Click it and Unblock the Notifications