ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ? ആരാധകന്‍ തന്ന രസകരമായ പണി വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്
ഹാസ്യ വേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി ഉയര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കഴിഞ്ഞ വര്‍ഷം ശ്രദ്ധേയ സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയത്. ഏത് റോളുകള്‍ കിട്ടിയാലും തന്റെതായ ശൈലിയില്‍ മികവുറ്റതാക്കാറുണ്ട് താരം. നായകനായും ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെയാണ് സുരാജ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ആരാധകരില്‍ ഒരാള്‍ നല്‍കിയ രസകരമായ പണി നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് ഇതേക്കുറിച്ച് സംസാരിച്ചത്. പാലക്കാട് ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ദശമൂലം ദാമുവിനെ വരച്ച് ഒരാള്‍ തനിക്ക് നല്‍കാനായി ഹോട്ടലിലെ റിസപ്ഷനില്‍ ഏല്‍പ്പിച്ചിരുന്നതായി സുരാജ് പറയുന്നു.
അദ്ദേഹത്തിന് വിരോധമില്ലെങ്കില്‍ ഒന്ന് കാണാന്‍ അവസരം നല്‍കണമെന്ന് ആരാധകന്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം അറിഞ്ഞ സുരാജ് അയാളെ നേരില്‍ കാണാന്‍ വേണ്ടി വിളിപ്പിച്ചു. കുശലാന്വേഷണങ്ങള്‍ ക്കൊടുവില്‍ അയാള്‍ സുരാജിനോട് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. സെല്‍ഫി എടുക്കാനാവും എന്ന് കരുതി ഫോണ്‍ വാങ്ങിയ സുരാജിനോട് അയാള്‍ പറഞ്ഞത് രസകരമായ ഒരു കാര്യമാണ്.
അയാള്‍ സുരാജിനൊപ്പം നിന്ന് ഫോട്ടോ എടുക്കേണ്ട. അയാളുടെ ഒരു ഫോട്ടോ സുരാജ് എടുത്തുകൊടുത്താല്‍ മതിയത്രെ. ഈ ഫോട്ടോ എടുത്തത് സുരാജ് വെഞ്ഞാറമൂട് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഇടണമെന്നാണ് ആരാധകന്റെ ആഗ്രഹം. ആരാധകന്‍ തന്ന രസകരമായ പണി താന്‍ ഏറെ ആസ്വദിച്ചുവെന്ന് അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമുട് വെളിപ്പെടുത്തി.


Click it and Unblock the Notifications