ദശമൂലം ദാമുവിന്റെ രണ്ടാം വരവ് ഉടന്‍! തിരക്കഥ പുരോഗമിക്കുകയാണെന്ന് സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂടിന്റെതായി തംരംഗമായി മാറിയ കഥാപാത്രങ്ങളില്‍ ഒന്നാണ് ദശമൂലം ദാമു. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചട്ടമ്പിനാട് എന്ന ചിത്രത്തിലാണ് ഈ കഥാപാത്രം ഉണ്ടായിരുന്നത്. സിനിമ പുറത്തിറങ്ങിയ സമയത്തേക്കാള്‍ മികച്ച സ്വീകാര്യത ദശമൂലം ദാമുവിന് ഇപ്പോഴാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങാറുളള അധിക ട്രോളുകളിലും ദാമുവും ഉള്‍പ്പെടാറുണ്ട്.

സുരാജിന്റെ ദാമു വീണ്ടും എത്തുമെന്ന് അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സംവിധായകന്‍ ഷാഫിയും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവുമായിരുന്നു ഇക്കാര്യം അറിയിച്ചത്.
അതേസമയം ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്ന് സുരാജ് വെഞ്ഞാറമൂടും അറിയിച്ചിരുന്നു. എല്ലാവര്‍ക്കും തൃപ്തികരമായ രീതിയില്‍ എത്തിയാല്‍ മാത്രമേ ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നുളളുവെന്നും നടന്‍ പറഞ്ഞു.
ദാമുവിനെ വീണ്ടും എത്തിക്കുക എന്നതിന് മാത്രമായി ചിത്രമൊരുക്കാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും സിനിമ സംഭവിക്കാനുളള സാധ്യതയുണ്ടെന്ന് മാത്രമേ പറയുന്നുളളുവെന്നും സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി.
2009ലായിരുന്നു മമ്മൂട്ടിയുടെ ചട്ടമ്പിനാട് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ സുരാജിനൊപ്പം സലീം കുമാറിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സുരാജിന്റെ ദശമൂലം ദാമു തന്നെയാണ് പിന്നീട് ജനപ്രിയനായി മാറിയിരുന്നത്.


Click it and Unblock the Notifications