»   » ഈ അവാര്‍ഡ് മുഖ്യധാരക്കാര്‍ക്ക് ഇഷ്ടമാകുമോ

ഈ അവാര്‍ഡ് മുഖ്യധാരക്കാര്‍ക്ക് ഇഷ്ടമാകുമോ

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ ഒരു അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു- മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചില്ലെന്നു കരുതി താന്‍ ബോധംകെട്ടു വീഴാന്‍ പോകുന്നില്ലെന്ന്. അത് ആരെയും കളിയാക്കാന്‍ പറഞ്ഞതല്ലെങ്കിലും മുന്‍നിര നായകന്‍മാര്‍ മാത്രം കൈവശം വച്ചുപോന്നിരുന്ന അവാര്‍ഡ് കോമഡി താരങ്ങളെന്നു പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കു കൂടി ലഭിക്കാന്‍ തുടങ്ങിയതിനു ശേഷം പറയാന്‍ വന്ന ധൈര്യമായിരുന്നു അത്.

മികച്ച നടന്‍ എന്നാല്‍ മലയാളത്തിന് സൂപ്പര്‍സ്റ്റാറുകളായിരുന്നു. ഭരത് ഗോപിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമ്പോള്‍ അദ്ദേഹം മലയാളത്തിലെ മുന്‍നിരതാരമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും അവാര്‍ഡ് കിട്ടുമ്പോള്‍ അവര്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. സുരേഷ്‌ഗോപിക്കും മുരളിക്കും ബാലചന്ദ്രമേനോനും അവാര്‍ഡ് ലഭിക്കുമ്പോള്‍ അവര്‍ സൂപ്പര്‍താരങ്ങളായില്ലെങ്കിലും നായകന്‍മാര്‍ തന്നെയായിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തരായത് പി.ജെ. ആന്റണിയും സലിംകുമാറും ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടും അവാര്‍ഡ് നേടുമ്പോള്‍.

Suraj Venjaramoodu

പി. ജെ. ആന്റണിക്ക് നിര്‍മാല്യത്തിലൂടെ ദേശീയ അവാര്‍ഡ് ലഭിക്കുമ്പോള്‍ ഇവിടെ അത് ആഘോഷിക്കാന്‍ ആരുമില്ലായിരുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചപ്പോഴാണ് അത് വലിയൊരു ആഘോഷമായത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ദേശീയ അവാര്‍ഡ് സ്വീകരിച്ചശേഷം ലഭിച്ച ആദരവ് സലിംകുമാറിനു ലഭിച്ചിരുന്നില്ല. കാരണം സലിംകുമാറിനെ പലരും കോമഡി താരമായിട്ടാണ് കണക്കാക്കിയിരുന്നത്.

മികച്ച കോമഡി താരത്തിന് അവാര്‍ഡ് കൊടുക്കുന്ന പതിവ് അടുത്തുകാലത്താണുണ്ടായത്. അതുമാത്രം വാങ്ങി സന്തോഷപ്പെടാനായിരുന്നു കോമഡിതാരങ്ങളുടെ വിധി. അല്ലെങ്കില്‍ തങ്ങള്‍ക്കൊപ്പം അഭിനയിച്ച് അവാര്‍ഡ്‌നേടിയ നടന് കയ്യടി കൊടുക്കുക മാത്രമായിരുന്നു കോമഡി താരത്തിന്റെ യോഗം. ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട് കൂടി അവാര്‍ഡ് നേടിയപ്പോള്‍ അത്തരമൊരു മനോഭാവത്തിനു മാറ്റം വന്നിരിക്കുന്നു.

മുന്‍പ് കലാഭവന്‍മണിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഉണ്ടെന്ന് ആദ്യം പറയുകയും പിന്നീട് തള്ളിപോകുകയും ചെയ്തപ്പോള്‍ ഉണ്ടായ സംഭവമായിരുന്നു ബോധം കെടല്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണിക്ക് സംസ്ഥാന അവാര്‍ഡ് ഉണ്ടെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ ഒരാള്‍ മണിയെ അറിയിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ മികച്ച നടന്‍ മോഹന്‍ലാല്‍. അതുകേട്ട് തകര്‍ന്നുപോയി മണി. അങ്ങനെയാണ് മണി ബോധംകെട്ടത്. മണിയല്ല ഏതൊരു നടനും ബോധംകെട്ടുപോകും.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അവാര്‍ഡിനു മല്‍സരിച്ച് മണി അവാര്‍ഡ് നേടിയാല്‍ തകര്‍ന്നുപോകുന്നത് പലരുടെയും അഭിമാനമായിരുന്നു. അതുകൊണ്ടാണ് മണിയെ തഴഞ്ഞത്. അന്നത്തെ മുഖ്യമന്ത്രി പോലും മണിയെ കളിയാക്കിയിരുന്നു- എടോ താന്‍ കണ്ണുരുട്ടി നന്നായി അഭിനയിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞാണ് മണിയെ കളിയാക്കിയത്. അതിനു ശേഷം മണി ഒരു അവാര്‍ഡിനും മോഹിച്ചില്ല. മണിക്കു നിഷേധിക്കപ്പെട്ട അവാര്‍ഡാണ് സലിംകുമാറും ഇപ്പോള്‍ സുരാജും നേടിയെടുത്തത്.

രാജമാണിക്യം എന്ന ചിത്ത്രതില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ സിനിമയിലെത്തിയ ആളാണ് സുരാജ്. കരിയറില്‍ ചെയ്തത് തറ കോമഡികളായിരുന്നെങ്കിലും ഇപ്പോള്‍ തേടിയെത്തിയത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ സലിംകുമാര്‍ പറഞ്ഞൈാരു കാര്യമുണ്ട്- എനിക്കു പിന്നാലെ വരുന്ന നിരവധി പേര്‍ക്ക് ഈ അവാര്‍ഡ് ഒരു പ്രോത്സാഹനമാകട്ടെയെന്ന്. അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു.

English summary
It was left to a man known mainly for doing comic roles to ensure that the 61st National Film Awards, did not end up on a tragic note for Malayalam cinema. Suraj Venjaramoodu saved the blushes for Malayalam, by winning the Best Actor award for Perariyathavar.
Please Wait while comments are loading...

Malayalam Photos

Go to : More Photos