ലാല്‍ കൃഷ്ണ വിരാഡിയാരായി സുരേഷ് ഗോപി വീണ്ടും
ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനചിത്രങ്ങളിലൊന്നായിരുന്നു 2006ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ്. ഏഴു കോടിയിലേറെ ചെലവാക്കിയെടുത്ത ചിത്രം പത്തുകോടിയിലധികം ലാഭം നേടിയിരുന്നു. മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് വന്‍പ്രദര്‍ശനവിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ഇത്.
എകെ സാജന്റെ തിരക്കഥയില്‍ ഷാജി കൈലാസായിരുന്നു ഈ ത്രില്ലര്‍ ഒരുക്കിയത്. ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന ക്രിമിനല്‍ വക്കീലിന്റെ വേഷത്തില്‍ സുരേഷ് ഗോപി ചെയ്ത കഥാപാത്രം ആക്ഷനപ്പുറം അദ്ദേഹത്തിന് വലിയ അഭിനയസാധ്യതകൂടി നല്‍കിയ കഥാപാത്രമായിരുന്നു. കുറ്റകൃത്യങ്ങളില്‍ നിയമസഹായം തേടിയെത്തുന്ന പ്രതികളെ കോടതിയില്‍ നിന്നും രക്ഷിച്ചെടുക്കുകയും കുറ്റത്തിന്റെ തീവ്രതയ്ക്കനുസരിച്ച് സ്വയം ശിക്ഷവിധിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന ലാല്‍ കൃഷ്ണയായി സുരേഷ് ഗോപി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ലഭിയ്ക്കുന്ന ചില വിവരങ്ങള്‍ അനുസരിച്ച് ലാല്‍ കൃഷ്ണ വിരാഡിയാര്‍ വീണ്ടുമെത്തുകയാണ്. ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ് ചിത്രമെന്നും, അതല്ല ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന കഥാപാത്രത്തെമാത്രം അടര്‍ത്തിയെടുത്ത് മറ്റൊരു കഥമെനയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്താമണി കൊലക്കേസിന് തിരക്കഥയൊരുക്കിയ എകെ സാജനായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് അറിയുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജും പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ് നാദിയ കൊല്ലപ്പെട്ട രാത്രിയെന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കൊപ്പം പൃഥ്വിരാജ് ഒരു ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുകൊണ്ടിരിക്കുയാണെന്ന് സാജന്‍ പറയുന്നു.
നേരത്തേ രണ്ട് ചിത്രങ്ങള്‍ എകെ സാജന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവയൊന്നും ഇതുവരെ തയ്യാറായിട്ടില്ല. അസുരവിത്ത്, ദ്രോണ, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങള്‍ സാജന്‍ സംവിധാനം ചെയ്തിരുന്നുവെങ്കിലും സൂപ്പര്‍താരസാന്നിധ്യമുള്ള ചിത്രങ്ങള്‍പോലും വേണ്ട വിജയം നേടിയിരുന്നില്ല. ലാല്‍ കൃഷ്ണ വിരാഡിയാരുമായി വീണ്ടുമെത്തുമ്പോള്‍ അത് സാജനും സുരേഷ് ഗോപിയ്ക്കും ഒരുപോലെ വിജയം ന്ല്‍കുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











