twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുണ്ടാനേതാവായി സുരേഷ് ഗോപി

    By Staff
    |

    ചന്ദ്രബോസ്.. ന്യൂയോര്‍ക്ക് കോളനിയുടെ ഗുണ്ടാ നേതാവ്. ഗുണ്ടയാണെങ്കിലും മനസില്‍ നന്മയുളളവന്‍. വേണ്ടപ്പോള്‍ കൈക്കരുത്ത് പ്രയോഗിക്കാന്‍ അറിയാമെങ്കിലും ഒരാളെ കൊല്ലാനുളള ശേഷി ഇപ്പോഴും ആ കൈകള്‍ക്കില്ല. വരുമാനത്തിന്റെ പകുതിയും ചെലവിടുന്നത് കൂടെയുളളവരെ പോറ്റാനും അഗതി മന്ദിരങ്ങളിലും...

    മല്ലിയെന്നു വിളിക്കുന്ന മല്ലീശ്വരന്‍. ചിന്ന മദ്രാസ് കോളനിയുടെ അധിപന്‍. എന്തിനും പോന്നവന്‍. രക്തം കണ്ട് അറപ്പു മാറിയവന്‍. മല്ലിയൊരു തീരുമാനമെടുത്താല്‍ അതിനു മാറ്റമില്ല. കുല വെട്ടുന്ന ലാഘവത്തോടെ തലയറുക്കുന്നവരാണ് മല്ലിയും കൂട്ടുകാരും.

    ഇവര്‍ തമ്മിലുളള കുടിപ്പകയുടെയും ഏറ്റുമുട്ടലിന്റെയും കഥയാണ് നിസാര്‍ സംവിധാനം ചെയ്യുന്ന ബോസ് എന്ന ചിത്രത്തിലേത്. ചന്ദ്രബോസായി സുരേഷ് ഗോപിയും മല്ലീശ്വരനായി കലാഭവന്‍ മണിയും അഭിനയിക്കുന്നു.

    കൊച്ചിയിലെ അധോലോകത്തിന്റെ ഇതുവരെ കാണാത്ത മുഖമാണ് നിസാര്‍ അനാവരണം ചെയ്യുന്നത്.

    തന്ത്രങ്ങളിലൂടെ പണം കൈക്കലാക്കുക എന്നതാണ് ചന്ദ്രബോസിന്റെ രീതി. കഴിയുന്നതും ചോര ചൊരിയരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ട്. അനാഥാലയങ്ങളും അഗതി മന്ദിരങ്ങളിലെയും നിത്യ സന്ദര്‍ശകനാണ് ബോസെങ്കിലും അവര്‍ക്കൊന്നും അയാളുടെ ശരിക്കുളള പേരോ ജോലിയോ അറിയില്ല.

    കൊച്ചിയിലെ പഴയ ചുമട്ടു തൊഴിലാളികളായിരുന്നു തമ്പിയണ്ണനും മുരുകനും. രണ്ട് യൂണിയനില്‍ പെട്ടവരെങ്കിലും നല്ല സുഹൃത്തുക്കളായിരുന്നു അവര്‍. ഹാര്‍ബറില്‍ ചുമടെടുക്കുന്നതോടൊപ്പം അത്യാവശ്യം കൂലിത്തല്ലും ഇവര്‍ക്കുണ്ടായിരുന്നു.

    ഒരുനാള്‍ അവര്‍ വേര്‍പിരിഞ്ഞു. പരസ്പരം ശത്രുക്കളുമായി. തമ്പിയണ്ണനെ നേരിടാന്‍ കുടിയേറ്റത്തമിഴരെ സംഘടിപ്പിച്ച് മുരുകന്‍ കെട്ടിപ്പെടുത്തതാണ് ചിന്ന മദ്രാസ് കോളനി. മുരുകന്റെയും സംഘത്തിന്റെയും അക്രമം ചെറുക്കാന്‍ തമ്പിയണ്ണന്‍ ന്യൂയോര്‍ക്ക് കോളനിയും സൃഷ്ടിച്ചു. ഈ കോളനികളാണ് യഥാക്രമം മല്ലിയും ബോസും ഭരിക്കുന്നത്.

    ഗുണ്ടാസംഘങ്ങളുടെ പോരാട്ടത്തില്‍ വിറകൊളളുന്ന കൊച്ചിയില്‍, ഷൂട്ടിംഗിനെത്തിയതാണ് തമിഴ് നടി പൂജ. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ തത്പരയാണ് പൂജയും. അനാഥാലയങ്ങള്‍ക്കു വേണ്ടി വാരിക്കോരി ചെലവിടുന്ന കൊച്ചിയിലെ വ്യവസായ പ്രമുഖന്‍ ചന്ദ്രബോസിനെക്കുറിച്ച് പൂജ ഒരുപാട് കേട്ടിട്ടുണ്ട്. അയാളെ പരിചയപ്പെടാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്.

    കൊച്ചിയിലെ ഒരു അനാഥാലയത്തില്‍ വെച്ച് പൂജയും ചന്ദ്രബോസും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. അവരുടെ പരിചയവും ബന്ധവും ആകാംക്ഷാഭരിതമായ മറ്റ് ചില മുഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

    വസുന്ധരാദാസാണ് പൂജയുടെ വേഷം അഭിനയിക്കുന്നത്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ടി ജി രവി, ഉഷ, റോസ്‍ലിന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

    റോയല്‍ ആര്‍ട്ട്സിന്റെ ബാനറില്‍ എസ് ഷാജഹാനാണ് ബോസ് നിര്‍മ്മിക്കുന്നത്. കാമറ സാലു ജോര്‍ജ്. നവാഗതരായ സതീഷ് കെ ശിവന്‍, സുരേഷ് മേനോ‍ന്‍ എന്നിവരാണ് തിരക്കഥയെഴുതുന്നത്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X