twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി കോമഡിയിലേയ്ക്ക്

    By Staff
    |

    എന്തു ചെയ്തിട്ടും രക്ഷയില്ലെന്ന നിലയിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. ശരാശരി വിജയമെങ്കിലും കണ്ട കാലം മറന്നു. അല്‍പമെങ്കിലും ആശ്വാസം നല്‍കിയത് കെ മധുവിന്റെ നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്ന ചിത്രം. അതില്‍ പക്ഷേ, കയ്യടി നേടാന്‍ വേണ്ടതൊന്നും ഉണ്ടായിരുന്നില്ല. മഹാകവി രൂപേഷ് പോള്‍ സംവിധാനം ചെയ്ത ലാപ് ടോപ്പാകട്ടെ നിലംതൊടാതെ പൊട്ടി.

    എങ്കില്‍ പിന്നെയല്‍പം കോമഡി പരീക്ഷിച്ചു കളയാമെന്ന് അദ്ദേഹത്തിന് തോന്നിയതില്‍ കുറ്റം പറയാനാവില്ല. കിച്ചാമണി എംബിഎ കണ്ടവരാരെങ്കിലും ഈ കോമഡിയുടെ ഏഴയലത്തു കൂടി പോകുമോ എന്ന ചോദ്യം നമുക്ക് ചോദിക്കാതിരിക്കാം. കാരണം സുരേഷ് ഗോപിയെ വെച്ച് രണ്ടും കല്‍പ്പിച്ചൊരു പരീക്ഷണം നടത്തുന്നത് പറക്കും തളിക താഹയാണ്.

    മധ്യവയസ്കനായൊരു വമ്പന്‍ വ്യവസായ പ്രമുഖന്റെ ശിങ്കിടിയുടെ വേഷമാണ് സുരേഷ് ഗോപിക്ക്. കൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഉല്‍പലാക്ഷന്‍ എന്നൊരുത്തനും കൂടെയുണ്ട്. ജഗതി ശ്രീകുമാറാണ് ഉല്‍പലാക്ഷനെ അവതരിപ്പിക്കുന്നത്. (സിനിമ വിജയപ്പിക്കേണ്ട ഉത്തരവാദിത്വം ജഗതിയ്ക്കാണെന്ന് സാരം)

    ജോലിയില്‍ നിന്ന് പ്രതീക്ഷിച്ച സംതൃപ്തിയൊന്നും കിട്ടാതെ വന്നപ്പോള്‍ കൃഷ്ണനും ഉല്‍പലാക്ഷനും രാജി വെയ്ക്കാന്‍ തീരുമാനിച്ചു. പക്ഷേ, മറ്റു ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ രാജിവെയ്ക്കാതിരിക്കുന്നതാണ് ബുദ്ധിയെന്ന് ഇരുവരും തീരുമാനിച്ചു. അതിനിടയില്‍ അവരുടെ ജീവിതത്തിലേയ്ക്ക് ശാലിനിയെന്നൊരു പെണ്‍കുട്ടി കടന്നു വന്നു.

    അതേ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കോമഡിയില്‍ തുടങ്ങി ഒരു സസ്പെന്‍സ് ത്രില്ലറായി മാറുന്ന ശൈലിയിലാണ് സിനിമയുടെ ഗതി.

    സായ് ദാമോദറും താഹയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, സലിം കുമാര്‍, ബിജു കുട്ടന്‍, നാരായണന്‍ കുട്ടി, ജാഫര്‍ ഇടുക്കി, കലാശാല ബാബു എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുക്തയാണ് നായിക.

    ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചന്‍. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍.

    മൂക്കില്ലാരാജ്യത്ത്, പറക്കും തളിക എന്നീ നോണ്‍ സ്റ്റോപ്പ് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത താഹയില്‍ ഒരു പുതുജീവന്‍ പ്രതീക്ഷിക്കുകയാണ് സുരേഷ് ഗോപി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X