മൊട്ടത്തലയുമായി സുരേഷ്‌ഗോപി
ഗെറ്റപ്പില്‍ കാര്യമായി വിശ്വസിക്കാത്ത സുരേഷ്‌ഗോപി മൊട്ടത്തലയുമായി സിനിമയിലെത്തുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന മാളൂട്ടി സാബുവില്‍ തലമുണ്ഡനം ചെയ്താണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്. ഇതില്‍ ഇരട്ടവേഷം കൂടി ചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.
പ്രശാന്ത് മാമ്പുള്ളിയുടെ രണ്ടാമത്തെ ചിത്രമാണിത്. ബാബു ജനാര്‍ദനന്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. ഗുണ്ടയില്‍ നിന്ന് അബ്കാരി കോണ്‍ട്രാക്ടറായ ശരവണന്റെയും പൊലീസ് കമ്മിഷണര്‍ പുലികേശിന്റെയും വേഷമാണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്.

ജോയ് മാത്യു, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ലെന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നന്ദന ആര്‍ട്‌സിന്റെ ബാനറില്‍ ബിജു മൈനാഗപ്പള്ളിയാണ് നിര്‍മാണം. രതീഷ് വേഗയുടെതാണ് സംഗീതം.
മുന്‍പ് വിനയന്റെ ബഌക്ക് കാറ്റ്, ജിത്തു ജോസഫിന്റെ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളിലാണ് സുരേഷ്‌ഗോപി ഇരട്ടവേഷംചെയ്തത്. രണ്ടും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അപ്പോത്തിക്കരിയിലാണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്. അതിനു പുറമെ തമിഴില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐ പൂര്‍ത്തിയാക്കി.
ജയരാജ് സംവിധാനം ചെയ്ത കഴിയാട്ടത്തിലായിരുന്നു മീശയൊക്കെ വടിച്ച് പതിവു ഗെറ്റപ്പ് വിട്ട് സുരേഷ്‌ഗോപി അഭിനയിച്ച ചിത്രം. ഇതില്‍ ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. മാളൂട്ടി സാബു അത്തരമൊരു നേട്ടം കൊണ്ടുവരുമോയെന്നത് കണ്ടറിയാം.


Click it and Unblock the Notifications











