ആനക്കാട്ടില്‍ ചാക്കോച്ചിയായി വീണ്ടും സുരേഷ് ഗോപി!! കൊച്ച് ചാക്കോച്ചിയായി താര പുത്രൻ
പ്രേക്ഷകർക്കിടയിൽ ഒരു തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലേലം. 1997 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സുരേഷ് ഗോപി ചെയ്തതിൽ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി. ചിത്രത്തെ പോലെ ആ കഥാപാത്രവും ജനങ്ങൾക്കിടയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. സുരേഷ് ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിലും ആനക്കാട്ടിൽ ചാക്കോച്ചിയായി എത്തുന്നത്. ഇതു സംബന്ധമായ വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതു കൂടാതെ മറ്റൊരു സർപ്രൈസുകൂടി പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം പ്രേക്ഷരിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

രണ്ടാം വരവ്
നാല് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിൽ എത്തുന്നത് ലേലത്തിലൂടെയാണ്. 2015 ൽ പുറത്തിറങ്ങിയ എം മോഹൻ സംവിധാനം ചെയ്ത മൈ ഗോഡ് എന്ന ചിത്രത്തിലാണ് താരം അവസാനമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷം സിനിമയിൽ നിന്ന് ഒരു ബ്രേക്കെടുത്ത് രാഷ്ട്രീയത്തിൽ തിളങ്ങുകയായിരുന്നു. ഇപ്പോഴിത ലേലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പായ ലേലം 2 വിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്.

ചിത്രത്തിൽ താരപുത്രനും
ലേലത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം ഗോകുൽ സുരേഷും എത്തുന്നുണ്ട്. മകൻ ചാക്കോച്ചിയായിട്ടാണ് ഗോകുൽ ചിത്രത്തിൽ എത്തുന്നത്. ഇതിനു മുൻപ് തന്നെ ലേലത്തിൽ അച്ഛനോടൊപ്പം ഗോകുലും അഭിനയിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി തന്നെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്, മകൻ ചാക്കോച്ചിയായി തന്നെയാണ് ഗോകുൽ ഈ ചിത്രത്തിൽ എത്തുന്നത്.

ഗോകുലിന്റെ ഏറ്റവും വലിയ ആഗ്രഹം
ഗോകുലിന്റെ ചെറുപ്പം തൊട്ടുളള ആഗ്രഹവും അഭിമുഖത്തിൽ സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. അവൻ കുട്ടിയായി ഇരുന്നപ്പോൾ തന്നെ കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത് സിനിമയിലൂടെ യാഥാർഥ്യമായിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലു അച്ചനും മകനും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതിലുളള ത്രില്ലിലാണ് പ്രേക്ഷകർ.

നായികയായി എത്തുന്നത് നന്ദിനി
ലേലത്തിന്റെ ആദ്യ ഭാഗത്തിൽ ഗൗരി പാർവതിയായി എത്തിയത് നന്ദിനിയായിരുന്നു. സുരേഷ് ഗോപിയ്ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധ ഈ കഥാപാത്രത്തിന് ലഭിക്കുകയും ചെയ്തു.. കഴിഞ്ഞ കുറച്ചു നാളായി നന്ദിനി മലയാള സിനിമയിൽ സജീവമല്ലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ലേലം2 ലൂടെ നന്ദിനി വീണ്ടും തിരിച്ചെത്തുകയാണ്. മലായളത്തിൽ മികച്ച ഒരു പിടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ നന്ദിനിയ്ക്ക് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ സുരേഷ് ഗോപിയോടൊപ്പമുളള താരത്തിന്റെ മടങ്ങി വരവിൽ പ്രേക്ഷകർ അതീവ സന്തോഷത്തിലാണ്.


Click it and Unblock the Notifications











