മാസ് എന്റര്‍ടെയ്‌നറുകളുമായി മിന്നിക്കാന്‍ സുരേഷ് ഗോപി! കടുവാക്കുന്നേല്‍ കുറുവാച്ചനായി താരം
അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. ചിത്രത്തില്‍ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. തിരിച്ചുവരവില്‍ തമിഴിലും ഒരു സിനിമയില്‍ നടന്‍ അഭിനയിച്ചിരുന്നു. വിജയ് ആന്റണിക്കൊപ്പം തമിഴരസന്‍ എന്ന ചിത്രത്തിലൂടെയാണ് താരം എത്തിയത്. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മാസ് റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അതേസമയം കാവലിന് ശേഷവും മറ്റൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായിട്ടാണ് ഈ സിനിമ അണിയറയില്‍ ഒരുങ്ങുന്നത്.
ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ് തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച മാത്യൂ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി അടുത്തിടെ സുരേഷ് ഗോപി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. സിഐഎ, പറവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നത്.
കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നറില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. എസ്ജി 250 എന്നാണ് സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രങ്ങളായ വാഴുന്നോര്‍, ലേലം തുടങ്ങിയ സിനിമകള്‍ പോലെ ഒരു ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകേഷ്, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിന്റേജ് സുരേഷ് ഗോപിയെ വീണ്ടും കാണാന്‍ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications