സുരേഷ് ഗോപി കാവിയണിയുന്നു
കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസറുടെ വേഷം ഒട്ടേറെ തവണ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. എന്നാല്‍ നിസാര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റില്‍ സുരേഷ് ഗോപി കാക്കിക്കു പകരം കാവിയണിയുകയാണ്.
ഒരു സന്യാസിയുടെ വേഷത്തിലാണ് ബുള്ളറ്റില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. പരശുറാം ഭട്ടതിരി എന്ന അതിബുദ്ധിമാനായ ഒരു സാമൂഹിക ശാസ്ത്രജ്ഞന്‍. വേഷം കാവി. ഒരു പ്രശസ്ത ഗായകനെ കൊന്ന കേസില്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നത് ഭട്ടതിരിയെയാണ്. കൊലക്കേസുകള്‍ അന്വേഷിച്ച് തെളിയിക്കുന്ന പൊലീസ് ഓഫീസറില്‍ നിന്നും കൊലയാളിയെന്ന് സംശയിക്കപ്പെടുന്ന സന്യാസിയിലേക്ക് ഒരു മാറ്റം.
കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസറായി പ്രത്യക്ഷപ്പെടുന്നത് കലാഭവന്‍ മണിയാണ്. അബ്ദുള്‍ റഹ്മാന്‍ ഹാജി എന്ന ബുദ്ധിമാനായ പൊലീസ് ഓഫീസര്‍. ഭട്ടതിരിയ്ക്കെതിരായ തെളിവുകള്‍ കണ്ടെത്തുക എന്നതാണ് അയാളുടെ ദൗത്യം. അബ്ദുള്‍ റഹ്മാന്‍ ഹാജി എന്ന പൊലീസ് ഓഫീസറും കൊലയാളിയെന്ന് സംശയിക്കപ്പെടുന്ന ഭട്ടതിരിയും തമ്മിലുള്ള യുദ്ധത്തില്‍ വിജയം ആര്‍ക്ക്? നിസാറിന്റെ ബുള്ളറ്റ് അതിനുത്തരം തരും.
ജഗതി, ഇന്നസെന്റ്, രാജന്‍ പി.ദേവ്, സായികുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ബുള്ളറ്റില്‍ അണിനിരക്കുന്നു. സംഗീത സംവിധാനം കൈതപ്രം വിശ്വനാഥ്. ബുള്ളറ്റിന്റെ ചിത്രീകരണം പാലക്കാട് നടന്നുവരികയാണ്.


Click it and Unblock the Notifications