ഹൊറര്‍ ത്രില്ലര്‍ ചിത്രമായി സുരേഷ് ഉണ്ണിത്താന്റെ ക്ഷണം! സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു
സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ക്ഷണം. ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ക്ഷണത്തില്‍ ഭരത്, ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരിക്കുകയാണ്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം പങ്കെടുത്തിരുന്നു.
ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖ നടി സ്‌നേഹ അജിത്ത് നായികയാവുന്ന ചിത്രത്തില്‍ ദേവന്‍, റിയാസ് ഖാന്‍, പി ബാലചന്ദ്രന്‍, മാല പാര്‍വ്വതി, ക്രിഷ്, ആനന്ദ് രാധാകൃഷ്ണന്‍, ചന്തുനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട അയാള്‍ എന്ന സിനിമയ്ക്കു ശേഷമാണ് സുരേഷ് ഉണ്ണിത്താന്‍ പുതിയ ചിത്രവുമായി എത്തുന്നത്. ശ്രീകുമാര്‍ ആരൂക്കുറ്റിയാണ് ക്ഷണത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. എസ് രമേശന്‍ നായര്‍, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ആര്‍ സോമശേഖരന്‍, വിഷ്ണു മോഹന്‍ സിത്താര തുടങ്ങിയവര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു.
ഛായാഗ്രഹണം-ജെമിന്‍ ജോം അയ്യനേത്ത്, എഡിറ്റിങ്ങ്-സോബിന്‍ കെ സോമന്‍, കലാ സംവിധാനം-ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ് -അനില്‍ പേരാമ്പ്ര, പരസ്യ കല-ജിസ്സന്‍ പോള്‍, വാര്‍ത്ത പ്രചരണം എഎസ് ദിനേഷ്, ചീഫ് അസോസിയേറ്റ്-ജയേഷ് മൈനാഗപ്പളളി,അസോസിയേറ്റ് ഡയറക്ടര്‍- ജോസ് കെ ജോസ്.


Click it and Unblock the Notifications











