കരുതലോടെ സുരേഷ് ഗോപിയും ജയറാമും
ക്രിസ്മസിന് ഇത്തവണ നാല് ചിത്രങ്ങളാണ്- മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങളോടൊപ്പം പൃഥ്വിരാജിനും ഇത്തവണ ക്രിസ്മസ് ചിത്രമുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലും ദിലീപിനും ഉത്സവകാല റിലീസുകള്‍ പ്രസ്റ്റീജ് ചിത്രങ്ങളാണെങ്കില്‍ രണ്ട് ഉത്സവസീസണുകളില്‍ ഇവരെ കട്ടത്തിവെട്ടി രണ്ട് തവണ സൂപ്പര്‍ഹിറ്റ് കൊയ്തതിന്റെ ആത്മവിശ്വാസവുമായാണ് പൃഥ്വിരാജ് ഇത്തവണ ക്രിസ്മസ് ചിത്രം പുറത്തിറക്കുന്നത്.
സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിക്കാന്‍ ഒരു യുവതാരം ചങ്കൂറ്റം കാണിക്കുമ്പോള്‍ സൂപ്പര്‍താരങ്ങളുടെ ഗണത്തില്‍ പെടുന്ന സുരേഷ് ഗോപിക്കും ജയറാമിനും ക്രിസ്മസിന് ചിത്രമില്ലെന്നതാണ് കൗതുകകരം. അഥവാ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാന്‍ ധൈര്യം കാണിക്കാതെ ഡിസംബര്‍ ആദ്യം തന്നെ അവര്‍ ചിത്രം പുറത്തിറക്കുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളോട് നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ഈ മുന്‍കരുതല്‍. വേണമെങ്കില്‍ പൃഥ്വിരാജിനും ഈ മുന്‍കരുതലാവാം. പക്ഷേ സുരേഷ് ഗോപിനും ജയറാമിനുമില്ലാത്ത തന്റേടം ഇക്കാര്യത്തില്‍ പൃഥ്വിരാജിനുണ്ട്. കഴിഞ്ഞ ഓണത്തിനും ഇത്തവണ റംസാനും സൂപ്പറുകളെ കടത്തിവെട്ടി ക്ലാസ് മേറ്റ്സും ചോക്ലേറ്റും നേടിയ വിജയങ്ങള്‍ ഒരു പിന്‍ബലമായി പൃഥ്വിക്കുണ്ട്.
പൃഥ്വിരാജ് ചിത്രങ്ങള്‍ സൂപ്പര്‍താര ചിത്രങ്ങളെ വെല്ലുന്നതു പോലൊരു ബോക്സോഫീസ് കാഴ്ച സുരേഷ് ഗോപിയോ ജയറാമോ നല്‍കിയിട്ട് കാലം കുറെയായി. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ദിലീപിന്റെയോ ഒരു ചിത്രത്തേക്കാള്‍ മികച്ച കളക്ഷന്‍ അതേ സമയം റിലീസ് ചെയ്ത സുരേഷ് ഗോപിയുടെയോ ജയറാമിന്റെയോ ചിത്രം അടുത്ത കാലത്തൊന്നും നേടിയിട്ടില്ല. അത്തരമൊരു നേട്ടം എന്നാണ് ഒടുവില്‍ തങ്ങളെ അനുഗ്രഹിച്ചതെന്ന് ഈ താരങ്ങള്‍ക്കു തന്നെ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാവും.
അതുകൊണ്ട് ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതാണെന്ന് തോന്നലാവാം നേരത്തെ തന്നെ ചിത്രങ്ങളിറക്കി ഒരു സെയിഫ് ഗെയിം കളിക്കാന്‍ സുരേഷ് ഗോപിയെയും ജയറാമിനെയും പ്രേരിപ്പിച്ചത്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബൂട്ട്സും ജയറാം നായകനായ നോവല്‍ ഡിസംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും.
ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ഇനിയും രണ്ടാഴ്ചയിലേറെ ബാക്കിയുണ്ട്. ഈ സമയം തങ്ങള്‍ക്കു പ്രയോജനപ്പെടുത്താനാവും എന്ന കണക്കുകൂട്ടലോടെയാണ് സുരേഷ് ഗോപി, ജയറാം ചിത്രങ്ങള്‍ ഡിസംബര്‍ ആദ്യവാരം തിയേറ്ററിലെത്തുന്നത്.
മുന്‍ പേജ്-


Click it and Unblock the Notifications











