സുരേഷ് ഗോപി മുകേഷിന്റെ അളിയന്‍
ക്രോണിക് ബാച്ചിലര്‍, ഫ്രന്റ്സ് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പവും വന്ദനം, കാക്കക്കുയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പവും തുല്യപ്രാധാന്യമുള്ള മുഴുനീള വേഷങ്ങള്‍ ചെയ്ത് മുകേഷ് തിളങ്ങിയിട്ടുണ്ട്. അത്തരമൊരു വേഷം ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കൊപ്പം ചെയ്യുകയാണ് മുകേഷ് കാഞ്ചീപുരത്തെ കല്യാണം എന്ന ചിത്രത്തില്‍.
സുരേഷ് ഗോപിയും മുകേഷും അളിയന്‍മാരായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവന്റ് മാനേജ് മെന്റ് സ്ഥാപനത്തിന്റെ ഉടമസ്ഥരായ അളിയന്‍മാര്‍ കാഞ്ചീപുരത്തെ ഒരു കല്യാണച്ചടങ്ങ് ഏറ്റെടുക്കുന്നതിനെ തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്.
ഈ ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും ഇരട്ടസംവിധായകര്‍ അരങ്ങേറുകയാണ്. ഫാസില്‍ ജയകൃഷ്ണ എന്ന ഇരട്ടസംവിധായകരാണ് ഈ ചിത്രമൊരുക്കുന്നത്. ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, വി.എം.വിനു, രാജസേനന്‍ എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചയാളാണ് ഫാസില്‍. കെ.കെ.ഹരിദാസിന്റെ സഹസംവിധായകനായിരുന്ന ജയകൃഷ്ണ നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സുരേഷ് ഗോപിയെയും മുകേഷിനെയും കൂടാതെ പുതുമുഖം സജീര്‍, ജഗതി, ഇന്നസെന്റ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഫാസില്‍ ജയകൃഷ്ണയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ജെ.പള്ളാശേരിയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. മീഡിയാവിഷന്റെ ബാനറില്‍ രമേഷ് കുമാര്‍ നിര്‍മിക്കുന്ന ചിത്രം നന്ദിതാ വിഷന്‍ വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications