ആ പേജ് എന്റെയല്ല, വ്യാജ ഫേസ്ബുക്ക് പേജിനെതിരെ സൂര്യ
ചെന്നൈ: തമിഴ് നടന്‍ വിജയ്ക്കും കമല്‍ ഹസനുമാണ് ഫേസ്ബുക്കില്‍ വെരിഫൈഡ് പേജുള്ളത്. അപ്പോഴതാ ആക്ടര്‍ സൂര്യ എന്ന പേരില്‍ ഒരു പേജ് കൂടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വെരിഫൈഡ് ആണെന്ന് കണ്ടതോടെ പേജിന് ലൈക്കുകള്‍ കുമിഞ്ഞുകൂടി.
എന്നാല്‍ പേജ് രൂപീകരിച്ചത് സൂര്യയുടെ അറിവോടെയോ സമ്മതത്തോടയോ അല്ലത്രെ. എന്തായാലും വ്യാജ പേജിനെതിരെ സൂര്യ സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. താരത്തിന് വേണ്ടി ഓഫിഷ്യല്‍ ഫാന്‍സ് ക്ലബ്ബാണ് പരാതി നല്‍കിയിരിക്കുന്നത്.

പേജ് വ്യാജമാണെന്നും അതിന് താനുമായി യാതൊരു ബന്ധവുമില്ലെന്നും കാണിച്ച് സൂര്യ പത്രകുറിപ്പും ഇറക്കി. ഫേസ്ബുക്കിലോ ട്വിറ്ററിലോ തനിക്ക് അക്കൗണ്ടില്ലെന്നും അങ്ങനെ ഏതിലെങ്കിലും അക്കൗണ്ട് തുടങ്ങിയാല്‍ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും സൂര്യ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സൂര്യ. 'മാസ്' എന്ന താത്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയും പ്രണിതയുമാണ് നായികമാര്‍.


Click it and Unblock the Notifications