ആദ്യദിനം ബോക്‌സോഫീസ് നിറച്ച് ബ്രഹ്മാണ്ഡ ചിത്രം! മെഗാസ്റ്റാര്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലേക്ക് എത്തി. മെഗാസ്റ്റാര്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
അവധി ദിവസമായതിനാല്‍ സിനിമ കാണാന്‍ ആരാധകരുടെ തിരക്കും കൂടി. ഇതോടെ ആദ്യദിനം സെയ് റാ നരസിംഹ റെഡ്ഡിയ്ക്ക് വമ്പന്‍ വരവേല്‍പ്പ് തന്നെയാന്നെന്ന് വേണം കരുതാന്‍. കേരളത്തില്‍ നിന്നും സമ്മിശ്ര പ്രതികരമാണ് ലഭിച്ചതെങ്കിലും ബോക്‌സോഫീസില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സൂചന. റിലീസ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ആദ്യ സമരസേനാനിയായിരുന്നു ഉയ്യാലവാട നരസിംഹ റെഡ്ഡി. അദ്ദേഹത്തിന്റെ ജീവിതകഥയെയും പോരാട്ടങ്ങളും ആസ്പദമാക്കി ഒരു സിനിമ വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചതോടെ സിനിമാലോകവും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ചിരഞ്ജീവിയെ സയ് റാ നരസിംഹ റെഡ്ഡിയാക്കി സുരേന്ദ്രര്‍ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്തത്. യുദ്ധത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കുമെല്ലാം പ്രധാന്യമുള്ള സിനിമയ്ക്ക് വമ്പന്‍ ബജറ്റിലാണ് നിര്‍മ്മിച്ചത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് നിര്‍മാണം.

സിനിമയെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂ വന്നതോടെ ബോക്സോഫീസില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. ആദ്യദിനം എത്ര കോടി സ്വന്തമാക്കുമെന്ന് തരത്തിലുള്ള പ്രവചനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇന്ന് രാത്രിയോടെ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍ വരുന്നതോടെ ഏകദേശ രൂപം ലഭിക്കും. കേരളത്തിലും വലിയ സ്വീകരണമാണ് സെയ് റാ നരസിംഹ റെഡ്ഡിയ്ക്ക് കിട്ടിയിരിക്കുന്നത്.

ട്രേഡ് അനലിസ്റ്റുകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം സെയ് റാ നരസിംഹ റെഡ്ഡി റിലീസ് ദിവസം 55 കോടിയോളം സ്വന്തമാക്കിയെന്നാണ്. ആഗോളതലത്തില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. അതേ സമയം ഇന്ത്യയില്‍ നിന്നുമാണ് 45 കോടിയോളം സിനിമയ്ക്ക് ലഭിച്ചത്. ടിക്കറ്റ് വിറ്റ് പോയതില്‍ നിന്നും ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാല്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല.

വിവിധ ഭാഷകളില്‍ മൊഴിമാറ്റി എത്തിയ സിനിമയുടെ ഹിന്ദി വേര്‍ഷന് ആദ്യദിനം 5 കോടി രൂപയായിരുന്നു ലഭിച്ചത്. ബോളിവുഡില്‍ ഹൃത്വിക്് റോഷന്‍ നായകനായിട്ടഭിനയിച്ച ബിഗ് ബജറ്റ് ചിത്രം വാര്‍ ഇന്നലെ റിലീസ് ചെയ്തിരുന്നു. അതാണ് സെയ് റാ നരസിംഹ റെഡ്ഡിയ്ക്ക് ബോളിവുഡില്‍ നിന്നും വലിയൊരു തരംഗമുണ്ടാക്കാന്‍ കഴിയാതെ പോയത്. വിദേശത്ത് നിന്നും പത്ത് കോടിയോളം രൂപയായിരുന്നു നേടിയത്. കേരളത്തിലെ റിപ്പോര്‍ട്ടുകള്‍ ഇനിയും വ്യക്തമല്ലെങ്കിലും മോശമില്ലാത്ത പ്രതികരണമാണ് ഇവിടെ ഉള്ളതും.

അതേ സമയം 34 കോടി രൂപയോളം സെയ് റാ നരസിംഹ റെഡ്ഡി സ്വന്തമാക്കിയത് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. 1220 ഓളം സ്‌ക്രീനുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അടുത്തിടെ റിലീസിനെത്തിയ പ്രഭാസിന്റെ സാഹോ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. എങ്കിലും റിലീസ് ദിവസം മികവുറ്റ പ്രകടനം നടത്താന്‍ സെയ് റാ നരസിംഹ റെഡ്ഡിയ്ക്ക് സാധിച്ചു. കളക്ഷനില്‍ സാഹോയുടെ തൊട്ട് പിന്നില്‍ തന്നെയാണ് സിനിമ.


Click it and Unblock the Notifications











