'ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എന്‍ഡോസള്‍ഫാന്‍ വിതറിയിരിക്കുന്നത്'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ് മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്ന നടൻ പ്രേംകുമാറിന്റെ അഭിപ്രായപ്രകടനം. നടന്റെ വാക്കുകൾ വൈറലായതോടെ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളെല്ലാം പ്രേം കുമാറിന് എതിരെ രംഗത്തെത്തി. സീരിയലിനെ എൻഡോസൾഫാനെന്ന് പരാമർശിച്ച് പ്രേംകുമാർ നടത്തിയ അഭിപ്രായപ്രകടനമാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.
ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ രംഗത്തെത്തിയിരിക്കുകയാണ്. ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എന്‍ഡോസള്‍ഫാന്‍ വിതറിയിരിക്കുന്നതെന്ന് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടന ആത്മ തുറന്ന കത്തിൽ കുറിച്ചു. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേംകുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സീരിയല്‍- സിനിമ നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ ഒരിക്കല്‍ തന്റെ ജീവിതോപാധിയാക്കിയിരുന്ന മലയാള സീരിയലുകള്‍ 'എന്‍ഡോസള്‍ഫാനേ'ക്കാള്‍ വിഷലിപ്തമാണെന്ന താങ്കളുടെ പ്രസ്താവനയില്‍ ആത്മ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇനി എന്തെങ്കിലും കുറവുകള്‍ സീരിയല്‍ രംഗത്ത് ഉണ്ടങ്കില്‍ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാര്‍ ഇരിക്കുന്നത്.
സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി പ്രതിരിക്കാതെ വെറും കയ്യടിക്കുവേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ താങ്കളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. സീരിയലിന്റെ നിര്‍മിതി, കഥ, കഥ പറയുന്ന രീതി, കഥയില്‍ താങ്കള്‍ കണ്ടെത്തിയ സാമൂഹ്യവിപത്തുകര്‍, ദുസ്സൂചനകര്‍, വിഷലിപ്തതകള്‍ ഇവയില്‍ ഒന്നിലും ഉടപെടാനോ അഭിപ്രായം പറയുവാനോ ഉദ്ദേശിക്കപ്പെട്ടവരോ നിര്‍ദേശിക്കപ്പെടുന്നവരോ അല്ല അഭിനേതാക്കളെന്ന് ഒരു നടന്‍ എന്ന നിലയില്‍ താങ്കള്‍ക്കും വ്യക്തമായി അറിവുള്ളതാണല്ലോ.
തന്മൂലം താങ്കള്‍ പരാമര്‍ശിക്കുന്ന എന്‍ഡോസള്‍ഫാനിനം പ്രസ്താവനയുടെ പിന്നാലെ നടീനടന്മാര്‍ക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എങ്കിലും തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാല്‍ നിശബ്ദരായിരിക്കാനും നിര്‍വ്വാഹമില്ല. സീരിയലിന്റെ ഉള്ളടക്കം, കഥ പറഞ്ഞു പോകേണ്ട രീതി, പ്രധാന ടെക്‌നീഷ്യന്‍സ്, അഭിനേതാക്കള്‍, അവരുടെ വസ്ത്രധാരണം തുടങ്ങി സീരിയലുമായിട്ട് ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും വിനോദ ചാനലുകളാണ് നിഷ്‌കര്‍ഷിക്കുന്നത്.
ആയതിനാല്‍ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വെക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്. മാത്രമല്ല മലയാള സീരിയലുകളില്‍ 90 ശതമാനവും മറ്റ് ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റമാണ്. അപ്പോള്‍ താങ്കള്‍ പറയുന്ന ഈ എന്‍ഡോസള്‍ഫാന്‍ ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അവിടെ ഒന്നും സീരിയലുകള്‍ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല.

'എന്‍ഡോസള്‍ഫാനിസം' ചില സീരിയലുകളില്‍ എന്ന് പറയുമ്പോള്‍ അത് ഏത് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എത് സീരിയലിലാണെന്ന് വൃക്തമാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം താങ്കളില്‍ നിക്ഷിപ്തമാണ്. ഒരു പ്രഭാഷകനും ചിന്തകനും കൂടിയായ താങ്കളുടെ പ്രസ്താവനയിലെ ചില സിരിയലുകളില്‍ എന്നതില്‍ ഒരു വ്യക്തത വരുത്തുന്നതോട് കൂടി എന്‍ഡോസള്‍ഫാന്‍ പ്രസ്താവനയിലെ നെല്ലും പതിരും തിരിച്ചറിയാന്‍ പറ്റും.
സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കൾ കഴിഞ്ഞ നാല് വര്‍ഷത്തില്‍ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ മറ്റ് ഏതെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചതായി ആര്‍ക്കും അറിയില്ല. വിലകുറഞ്ഞ പ്രസ്താവനകര്‍ക്ക് പകരം ടെലിവിഷന്‍ മേഖലയുടെ ഉന്നമനത്തിനായുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഇനിയെങ്കിലും താങ്കളില്‍ നിന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
നാൽപ്പതോളം സീരിയലുകളിലൂടെ നിരവധി സാധാരണക്കാരായ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് മലയാള സീരിയല്‍ മേഖല. പെന്‍ഷന്‍, പ്രോഡന്‍ന്റ് ഫണ്ട്, ഇന്‍ഷ്വറന്‍സ്, ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങി ഒരു ലൈഫ് സെക്യൂരിറ്റിയും തൊഴിലുറപ്പും ഇല്ലാത്ത സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിതറിയിരിക്കുന്നത് എന്നായിരുന്നു പ്രേംകുമാറിന് ആത്മ സംഘടന എഴുതി തുറന്ന കത്ത്.


Click it and Unblock the Notifications











