പിങ്കിന്റെ തമിഴ് പതിപ്പില്‍ അമിതാഭിന്റെ വേഷത്തില്‍ അജിത്ത്! വിശ്വാസത്തിനു ശേഷം ചിത്രം ഒരുങ്ങുന്നു
അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ എത്തി ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രമായിരുന്നു പിങ്ക്. 2016ല്‍ പുറത്തിറങ്ങിയ ഈ സിനിമ പ്രമേയപരമായിട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയുംകുറിച്ച് പറഞ്ഞ സിനിമ മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
അമിതാഭ് ബച്ചനൊപ്പം തപ്‌സി പാനു,കൃതി കുല്‍ഹാരി,ആന്‍ഡ്രിയ തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡില്‍ വിജയമായ പിങ്കിന്റെ തമിഴ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്റെ റോളില്‍ തമിഴില്‍ എത്തുന്നത് തല അജിത്താണ്.

വിശ്വാസത്തിനുശേഷമുളള അജിത്തിന്റെ 59ാമത് സിനിമയായിട്ടാണ് പുതിയ ചിത്രമൊരുങ്ങുക. സിനിമയുടെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. തമിഴ് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടെയാകും പിങ്കിന്റെ തമിഴ് പതിപ്പ് ഒരുക്കുക. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുമെന്നാണ് അറിയുന്നത്.
ഛായാഗ്രഹാകന്‍ നീരവ് ഷാ സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കും. അതേസമയം അജിത്തിന്റെ പുതിയ ചിത്രം വിശ്വാസം റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമ പൊങ്കല്‍ റിലീസായി തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. നയന്‍താര നായിക വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.


Click it and Unblock the Notifications











