ഹര്‍ത്താല്‍ ദിനത്തിലും കൂകിപ്പാഞ്ഞ് തീവണ്ടി, കളക്ഷനിലും ഞെട്ടിച്ചു!
Recommended Video

നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടി തിയറ്ററില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുകയാണ്. ജൂണില്‍ തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ വൈകുകയും പിന്നീട് ഓണച്ചിത്രമായി പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും അപ്രതീക്ഷിതമായി എത്തിയ പ്രളയക്കെടുതിയില്‍ തീവണ്ടി വീണ്ടും വൈകി. പ്രളയനാന്തര കേരളത്തിലേക്ക് കഴിഞ്ഞ ആഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷനിലും വര്‍ദ്ധനവുണ്ടായി. ഒരു ടൊവിനോ ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കമായിരുന്നു ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനം 1.70 കോടി കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനം 2.05 കോടിയും മൂന്നാം ദിനമായ ഞായറാഴ്ച 2.26 കോടിയും കളക്ഷന്‍ നേടി. പ്രദര്‍ശിപ്പിച്ച സെന്ററുകളിലെല്ലാം ഹൗസ് ഫുള്ളായ ചിത്രത്തിന് പ്രേക്ഷകരുടെ തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ സ്‌പെഷ്യല്‍ ഷോകളും സംഘടിപ്പിക്കുകയുണ്ടായി.
ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നടത്തിയ ഹര്‍ത്താലിലും തീവണ്ടി കുലുങ്ങിയില്ല. ആറ് മണി മുതല്‍ ആറ് മണിവരെ നടത്തിയ ഹര്‍ത്താലില്‍ ആറ് മണിക്ക് ശേഷം തിയറ്ററുകളില്‍ തീവണ്ടി പ്രദര്‍ശിപ്പിച്ചു. പകല്‍ പ്രദര്‍ശനമില്ലാതിരുന്നിട്ടും തീവണ്ടി അക്ഷരാര്‍ത്ഥില്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു. 1.06 കോടിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രം നേടിയത്. പ്രളയാനന്തരം തിയറ്ററിലേക്ക് എത്താനൊരുങ്ങുന്ന ചിത്രങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീവണ്ടിയുടെ വിജയം.
ചെയിന്‍ സ്‌മോക്കറായ ബിനീഷ് എന്ന കഥാപാത്രമായി ടൊവിനോ എത്തുന്ന ചിത്രം പ്രമേയമാക്കുന്നത് പുകവലി തന്നെയാണ്. ഒരു സദുപദേശ കഥ എന്ന ജോണറിലേക്ക് ഒതുങ്ങാതെ എല്ലാവിധ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന എന്റര്‍ടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനി വിശ്വലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ കൈലാഷ് മേനോന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ യൂടൂബില്‍ നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു.


Click it and Unblock the Notifications











