വിക്രമനെയും ആദിത്യനെയും കുറിച്ച് രണ്ടാമത് ചിന്തിച്ചിട്ടില്ല!
ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും വിക്രമനും ആദിത്യനുമായെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വാര്‍ത്ത നിഷേധിച്ചു.
വിക്രമാദിത്യന് രണ്ടാം ഭാഗം എടുക്കുന്നതുമായി ബന്ധപ്പെട്ട് താനോ സംവിധായകന്‍ ലാല്‍ ജോസോ ചിന്തിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം ഒരു പ്രശസ്ത മൂവി ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിലവില്‍ പുതിയ ചിത്രത്തിന്റെ എഴുത്തുമായി തിരക്കിലാണത്രെ ഇഖ്ബാല്‍ കുറ്റിപ്പുറം. അധികം വൈകാതെ ആ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
ടൈറ്റില്‍ റോളില്‍ ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും എത്തിയ ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായെത്തിയത്. വിക്രമന്റെയും ആദിത്യന്റെയും അവരുടെ കളിക്കൂട്ടുകാരിയായ ദീപികയുടെയും കഥയാണ് വിക്രമാദിത്യന്‍ എന്ന ചിത്രം.
ഇവര്‍ക്കൊപ്പം അനൂപ് മേനോന്‍, ലെന, ജോയി മാത്യു തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ നിവിന്‍ പോളി ഒരു അതിഥി താരമായും എത്തി. നൂറ് ദിവസം തിയേറ്ററില്‍ തകര്‍ത്തോടിയ ചിത്രം നിര്‍മിച്ചത് ലാല്‍ജോസ് തന്നെയാണ്.


Click it and Unblock the Notifications











