എസ് ജാനകിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല, ചെറിയൊരു ഓപ്പറേഷന്‍ മാത്രം.. മരിച്ചു എന്ന വാര്‍ത്ത വ്യാജം
മരിക്കാത്തവരെ കൊല്ലുന്ന ശീലം സോഷ്യല്‍ മീഡിയയില്‍ ഇതാദ്യമല്ല. അമിതാഭ് ബച്ചനെയും, ലതാ മഘേഷ്‌കറെയും സലിം കുമാറിനെയും ശ്രീനിവാസനയും ഒക്കെ എത്രയോ തവണ നവമാധ്യമങ്ങള്‍ കൊന്നിട്ടുണ്ട്. ഇപ്പോള്‍ ആ കൊലപാതകത്തിന് ഇരയായിരിയ്ക്കുന്നത് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ രാപ്പാടിയായ എസ് ജാനകിയെയാണ്.
ഞായറാഴ്ച വൈകുന്നേരം മുതലാണ് ജാനകി മരണപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കേട്ട പാതി കേള്‍ക്കാത്ത പാതി വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പലരും നവമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോള്‍ വിഷയം കാട്ടു തീ പോലെ പടര്‍ന്നു. വിവരമറിഞ്ഞ് എസ് ജാനകിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍. പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് എസ് ജാനകിയുടെ മകന്‍ വ്യക്തമാക്കി.

എസ് ജാനകിയ്ക്ക് ചെറിയൊരു ശസ്ത്രക്രിയ നടന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ ജീവന് അപായമൊന്നും ഇല്ല. ആ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുക്കുകയാണ് ജാനകി. പ്രചരിയ്ക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് നടന്‍ മനോബാലയും പ്രതികരിച്ചു. ചെറിയൊരു ശസ്ത്രക്രിയ നടന്നു. പക്ഷെ ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ചുവരുന്നു എന്ന് മനോബാല ട്വിറ്ററിലൂടെ അറിയിച്ചു. ഇതാദ്യമല്ല എസ് ജാനകി മരണപ്പെട്ടു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ജാനകിയ്ക്ക് നിലവില്‍ ഒരാപത്തും ഇല്ലെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്നും എസ് ജാനകിയുടെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.
1950 കളില്‍ സിനിമാ പിന്നണി ഗാനരംഗത്ത് എത്തിയ എസ് ജാനകി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ സംഗീത ലോകത്ത് ഒരു പുതിയ യുഗം സൃഷ്ടിക്കുകയായിരുന്നു. നാല് ഭാഷകളിലായ നാല്‍പ്പത്തിയഞ്ചായിരത്തിലധികം പാട്ടുകള്‍ പാടിയ എസ് ജാനകി സൗത്ത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗം കൂടെയാണ്.
Recommended Video
മലയാളി അല്ലാതിരുന്നിട്ടും, മലയാള സിനിമയില്‍ പാട്ടുകള്‍ പാടി പതിനഞ്ച് തവണയോളം തുടര്‍ച്ചയായി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഗായികയാണ് എസ് ജാനകി. ആ ശബ്ദത്തില്‍ താരാട്ട് പാട്ടുകള്‍ കേട്ടുറങ്ങാത്ത ബാല്യമില്ല കേരളത്തില്‍. 2016 ല്‍ പത്ത് കല്‍പനകള്‍ എന്ന മലയാള സിനിമയ്ക്ക് വേണ്ടി പാടിക്കൊണ്ട്, താന്‍ സിനിമാ പിന്നണി ഗാന രംഗത്ത് നിന്ന് വിരമിയ്ക്കുകയാണെന്ന് എസ് ജാനകി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുകയായിരുന്നു.


Click it and Unblock the Notifications











