നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍!അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം
മലയാള സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായി തിളങ്ങിനിന്ന മഹാനടന്‍മാരാണ് തിലകനും നെടുമുടി വേണുവും. ഇരുവരും ചെയ്ത സിനിമകളിലെ നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാത്തവയാണ്. തിലകനും നെടുമുടി വേണുവും തമ്മിലുളള പിണക്കവും സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ഏറെക്കാലം നീണ്ടുനിന്നിരുന്നു. ഇരുവരും തമ്മില്‍ മിണ്ടാതെ നടന്നതിന് പല വിധ കാരണങ്ങളാണ് പറഞ്ഞുകേട്ടത്.
കഴിഞ്ഞ ദിവസം നടന്നൊരു ചടങ്ങില്‍ വെച്ച് നെടുമുടി വേണുവിനോട് തിലകന്റെ മകള്‍ ഡോ.സോണിയ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം എന്ന് നെടുമുടി വേണുവിനോട് പറഞ്ഞുകൊണ്ടാണ് തിലകന്റെ മകള്‍ എത്തിയത്. മലയാള സിനിമയിലെ രണ്ട് അതികായന്മാര്‍ തമ്മിലുളള പോരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുളള പരസ്യമായ മഞ്ഞുരുകല്‍ കൂടിയായിരുന്നു ഇത്.

വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ തര്‍ക്കം കൊടുമ്പിരികൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍കാവിലുളള എന്റെ ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി.

തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ചടങ്ങില്‍
സംസാരിക്കവേ സോണിയ പറഞ്ഞു.

സംസാരിച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങിയ സോണിയയെ ആശ്വസിപ്പിക്കാനായി നെടുമുടി വേണു എത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ കിങ്ങിണികൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിയില്‍ ഉദ്ഘാടകനായി എത്തിയ നെടുമുടി വേണുവിന്റെ പ്രസംഗത്തിന് ശേഷമാണ് സോണിയ തന്റെ ആശംസ പ്രസംഗത്തിനിടെ ഇക്കാര്യം പറഞ്ഞത്.

ലോഹിതദാസ് തിരക്കഥയെഴുതിയ ഭരതം,ഹിസ് ഹൈനസ് അബ്ദുളള തുടങ്ങിയ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആരോപണം സിനിമ ലോകത്തുണ്ടായിരുന്നു. തിലകന്‍ തന്നെയായിരുന്നു ഒരിക്കല്‍ നടനെതിരെ ആരോപണമുന്നയിച്ച് രംഗത്തുവന്നിരുന്നത്. മുന്‍പ് പല അഭിമുഖങ്ങളിലായി തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചതായി നെടുമുടി വേണു തുറന്നുപറയുകയും ചെയ്തിരുന്നു. ഇരുവരും പിണക്കത്തിലായ സമയത്ത് തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസ് തന്നെ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications