കരിന്തണ്ടന് പിന്നാലെ വിനായകന്റെ തൊട്ടപ്പന്‍! ഫസ്റ്റ്‌ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം വിനായകനെ കേന്ദ്രകഥാപാത്രമാക്കി പ്രഖ്യാപിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വയനാട് ചുരത്തിന് വഴി തെളിച്ച കരിന്തണ്ടന്റെ കഥ പറയുന്ന കരിന്തണ്ടന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കരിന്തണ്ടന് പിന്നാലെ വിനായകന്‍ നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിലാണ് കേന്ദ്രകഥാപാത്രമായി വിനായകന്‍ എത്തുന്നത്. മുഴുനീള നായകവേഷമാണ് വിനായകന്റേത്. വിനായകന്‍ പുറത്തുവിട്ട പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊച്ചി പശ്ചാത്തലമായി ഒരുക്കുന്ന ചിത്രമാണിതെങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയുടെ മുഖമാണ് തൊട്ടപ്പനില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമല്ല, പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെറിയ രീതിയില്‍ പറയുകയാണെന്നും ചിത്രത്തേക്കുറിച്ച് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നായിക പുതുമുഖമാണ്.

മലയാളികള്‍ ആവേശത്തോടെ ഏറ്റെടുത്ത 'പുഴ പുലികള്‍ പക്കി പരുന്തുകള്‍' എന്ന കമ്മട്ടിപ്പാടത്തിലെ ഗാനത്തിന് ശേഷം വിനായകന്‍ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും. ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് പിഎസ് റഫീക്കാണ്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. ജസ്റ്റിനാണ് പശ്ചാത്തല സംഗീതം.


Click it and Unblock the Notifications











