തഗ് ലൈഫിന് കർണാടകയിൽ വിലക്ക്; കമൽ ഹാസന് മാപ്പ് പറയാൻ 2 ദിവസം അനുവദിച്ച് ഫിലിം ചേംബർ
എന്നും വിവാദങ്ങളിൽ ഉലയാതെ നിന്ന കലാകാരനാണ് കമൽ ഹാസൻ. പ്രശസ്ത താരം 38 വർഷങ്ങൾക്ക് ശേഷം സീനിയർ സംവിധായകനായ മണി രത്‌നവുമായി ഒന്നിക്കുന്ന ചിത്രമായ തഗ് ലൈഫ് റിലീസിന് ഒരുങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അടുത്തിടെ, തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടിയിൽ കന്നഡ ഭാഷയെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പുതിയ റിപോർട്ടുകൾ അനുസരിച്ച്, തഗ് ലൈഫിന് കർണാടകയിൽ വിലക്ക് ഏർപ്പെടുത്തുന്നതിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ.
കന്നഡ ഭാഷയ്ക്ക് ജന്മം നൽകിയത് തമിഴാണെന്ന ഉലകനായകന്റെ പ്രസ്താവനയാണ് കർണാടകയിൽ നിന്നുമുള്ള ഭാഷാസ്നേഹികളെ ചൊടിപ്പിച്ചത്. പിന്നാലെ, താൻ സ്നേഹപൂർവ്വമുള്ളൊരു പ്രഖ്യാപനമാണ് നടത്തിയതെന്നും, മാപ്പ് പറയില്ലെന്നുമുള്ള കമൽ ഹാസന്റെ പ്രഖ്യാപനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന് വേണം പറയാൻ. ഇപ്പോൾ, 2 ദിവസത്തിനകം കമൽ മാപ്പു പറയണമെന്ന ആവശ്യമാണ് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മുന്നോട്ടു വച്ചിരിക്കുന്നത്.
കമൽ ഹാസൻ മാപ്പ് പറയാതെ തഗ് ലൈഫിന് റിലീസില്ല

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, തന്റെ വിവാദ പ്രസ്താവനക്ക് കമൽ ഹാസൻ 2 ദിവസത്തിനകം മാപ്പു പറയണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. അടുത്തിടെ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കെ.എഫ്.സി.സി. ചെയർമാൻ എം. നരസിംഹലു ഈ ആവശ്യം മുന്നോട്ടു വച്ചത്. "ഇത് ഒരു സിനിമയെക്കുറിച്ച് മാത്രമുള്ള വിവാദമല്ല, ഒരു സംസ്ഥാനത്തെ പറ്റിയാണ്," അദ്ദേഹം പറഞ്ഞു.
"കെ.എഫ്.സി.സി. കർണാടകയിലെ ജനങ്ങളുടെ വികാരത്തിനൊപ്പമാണ്. തഗ് ലൈഫ് കർണാടകയിൽ പ്രശ്നങ്ങൾ ഒന്നും കൂടാതെ, മുൻകൂട്ടി നിശ്ചയിച്ചത് പോലെ റിലീസ് ചെയ്യണമെങ്കിൽ, കമൽ ഹാസൻ 2 ദിവസത്തിനകം മാപ്പ് പറയണം. സിനിമ വിതരണക്കാരുടെയും, എക്സിബിറ്റേഴ്സിന്റെയും, കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ മുൻ പ്രസിഡന്റുമാരുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ തീരുമാനം," നരസിംഹലു അറിയിച്ചു.

തമിഴ് ചിത്രങ്ങളുടെ വലിയ മാർക്കറ്റാണ് കർണാടകയും, തലസ്ഥമായ ബെംഗലൂരുവും. അത് കൊണ്ട് തന്നെ തഗ് ലൈഫിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയാൽ വിതരണക്കാർ വലിയ നഷ്ടം സഹിക്കേണ്ടി വരും. ഫിലിം ചേംബറിന്റെ നിർദേശമനുസരിച്ച് തീയറ്റർ ഉടമകൾ മണി രത്‌നം ചിത്രം പ്രദർശിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ്. കമൽ ഹാസൻ മാപ്പ് പറയാത്ത പക്ഷം, വിതരണക്കാർ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനെ സമീപിച്ചേക്കും.
കമൽ ഹാസനും മണി രത്‌നവും ഒന്നിക്കുക തഗ് ലൈഫ്
തമിഴ് സിനിമ പ്രേക്ഷകർക്ക് എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1987ൽ പുറത്തിറങ്ങിയ നായകൻ. കമൽ ഹാസനും സംവിധായകൻ മണി രത്‌നവും ആദ്യമായി ഒന്നിച്ച ചിത്രം ബോംബെ നഗരത്തെ അടക്കിഭരിച്ച അധോലോക നായകൻ വരദരാജ മുതലിയാരുടെ ജീവിതത്തെയാണ് ആസ്പദമാക്കിയത്. ഒപ്പം തന്നെ ക്ലാസിക് ഹോളിവുഡ് ചിത്രമായ ഗോഡ്ഫാദറും നായകന് പ്രചോദനമായിട്ടുണ്ട്. എന്നാൽ നായകന്റെ ഗംഭീര വിജയത്തിന് ശേഷം, തന്റെ അടുത്ത ബന്ധു കൂടിയായ മണി രത്നവുമായി മറ്റൊരു ചിത്രത്തിനായി കമൽ ഹാസൻ ഒന്നിക്കുന്നത്, 38 വർഷങ്ങൾക്ക് ശേഷമാണ്.
ഉലകനായകൻ രംഗരായ ശക്തിവേൽ നായകർ ആയി വേഷമിടുന്ന ചിത്രത്തിൽ, അമരൻ എന്ന തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി സിലമ്പരശൻ എന്ന സിമ്പുവും ഉണ്ട്. തൃഷ കൃഷ്ണൻ നായികയാവുന്ന തഗ് ലൈഫിൽ, അഭിരാമി, ജോജു ജോർജ്, നാസ്സർ, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, വയ്യാപുരി, പങ്കജ് ത്രിപാഠി, അലി ഫസൽ, സാനിയ മൽഹോത്ര, തുടങ്ങിയവർ വേഷമിടുന്നുണ്ട്. മണി രത്‌നം ചിത്രത്തിന് സംഗീതം ഒരുക്കിയത് എ.ആർ. റഹ്മാനാണ്. രവി കെ ചന്ദ്രനും, ശ്രീകർ പ്രസാദും, ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.


Click it and Unblock the Notifications











