സുരാജിനും ടിനി ടോമിനും കിട്ടാത്ത മാങ്ങ പുളിയ്ക്കും!
എന്താ സംഭവം? മുന്തിരിയെങ്ങനെ മാങ്ങയായി? ഏത് മാങ്ങ കിട്ടാത്തതുകൊണ്ടാണ് സുരാജിനും ടിനി ടോമിനും പുളിയ്ക്കുന്നത്? സംഗതി വേറെയൊന്നുമല്ല, സുരാജ് വെഞ്ഞാറാം മൂടും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിന്റെ ടാഗ് ലൈനാണ് 'കിട്ടാത്ത മാങ്ങ പുളിയ്ക്കു'മെന്നത്.
നവാഗതനായ വി എസ് ജയകൃഷ്ണനാണ് അന്യര്‍ക്ക് പ്രവേശനമില്ലെന്ന ചിത്രം സുരാജിനെയും ടിനി ടോമിനെയും വച്ച് ചെയ്യുന്നത്. ചിത്രത്തിന്റെ പേരില്‍ നിന്നും, ടാഗ് ലൈനില്‍ നിന്നും അഭിനേതാക്കളില്‍ നിന്നും തന്നെ പിടി കിട്ടികാണുമല്ലോ, പൂര്‍ണമായും ഒരു ഹാസ്യ ചിത്രമാണ് അന്യര്‍ക്ക് പ്രവേശമില്ല എന്നത്.

അതിഥി എന്ന പുതുമുഖമാണ് നായികയായെത്തുന്നത്. പിക്കറ്റ് 43 എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം മേജര്‍ രവി വീണ്ടും അഭിനയത്തിന്റേ വഴിയെ തിരിയുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ മര്‍മ്മ പ്രധാനമായ ഒരു വേഷം ചെയ്യുന്നത് മേജര്‍ രവിയാണത്രെ.

ഹരി മടായിയും ജയരാജ് മടായിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സജേഷ് നായരും ധനേഷ് പ്രഭ കക്കാടും ചേര്‍ന്നാണ്. ശ്രീജിത്ത് രവി, ഇടവേള ബാബു, നോബി, സുനില്‍ സുഖദ, പൊന്നമ്മ ബാബു, ജീന ശ്രുതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആലുവയില്‍ പുരോഗമിയ്ക്കുകയാണ്.


Click it and Unblock the Notifications