ദിലീപിന്റെ പുതിയ ചിത്രം, ടൈറ്റില്‍ തന്നെ ഒരു ജാക്കി ചാന്‍ ഉണ്ടല്ലോ...
തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്തുവിട്ട് ദിലീപ്. ജാക്ക് ഡാനിയല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് എല്‍ പുരം ജയസൂര്യയാണ്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. തമീന്‍സ് റിലീസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

തമിഴിലെ ആക്ഷന്‍ കിങ് അര്‍ജ്ജുന്‍ സര്‍ജ്ജ ചിത്രത്തില്‍ ദിലീപിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വന്ദേമാതരം എന്ന ചിത്രത്തിലൂടെ അര്‍ജ്ജുന്‍ നേരത്തെ മലയാളത്തില്‍ എത്തിയിരുന്നു. ജാക്ക് ഡാനിയലിന് പുറമെ പ്രിയദര്‍ശന്റെ മരക്കാര്‍ എന്ന മലയാള സിനിമയിലും അര്‍ജ്ജുന്‍ അഭിനയിക്കുന്നുണ്ട്.
കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. സന്താനം കൃഷ്ണ രവിചന്ദ്രന്‍ ജാക്ക് ഡാനിയലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു.
ഒരു മാസ് ആക്ഷന്‍ ഡ്രാമയാണ് ചിത്രം. ടൈറ്റില്‍ ഡിസൈന്‍ ചെയ്തതില്‍ തന്നെ ഒരു ജാക്കി ചാനെ കാണാന്‍ കഴിയുന്നുണ്ട്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. തമിഴിലെ പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം


Click it and Unblock the Notifications











