മുസ്ലിം പ്രണയത്തിന് ഇത്ര ഡിമാന്‍ഡോ?
സിനിമയ്ക്ക് ജാതിയും മതവും ഉണ്ടോ എന്നറിയില്ലെങ്കിലും കോഴിക്കോടന്‍ മുസ്ലിം ജീവിതങ്ങള്‍ സിനിമയില്‍ കൊണ്ടുവരിക എന്നത് ഇപ്പോഴൊരു ഫാഷനാണ്. ഉസ്താദ് ഹോട്ടലിലും ബാവൂട്ടിയുടെ വിശേഷങ്ങള്‍ക്കും ശേഷം മലബാര്‍ മുസ്ലിം കുടുംബങ്ങളുടെ ജീവിതകഥകള്‍ ധാരാളം സിനിമയാകുന്നുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സലാലാ മൊബൈല്‍സിനു ശേഷം കോഴിക്കോടന്‍ കഥയുമായി എത്തുകയാണ് ടു നൂറാ വിത്ത് ലൗ.
ഏറെക്കാലത്തിനു ശേഷം മംമ്ത മോഹന്‍ദാസ് നായികയാകുന്ന ചിത്രമെന്നതിലുപരി കോഴിക്കോടന്‍ പ്രണയകഥയാണ് നോറയിലൂടെ പറയുന്നത്. അനില്‍ബാബുമാരിലെ ബാബു ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു നാരായണന്‍ എന്നാണ് ഇനി ബാബുവിന്റെ പേര്. സിഎച്ച് മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജിഎസ് അനില്‍(വെള്ളരിപ്രാവിന്റെ ചങ്ങാതി ഫെയിം) തിരക്കഥ രചിക്കുന്നു.

ഉസ്താദ് ഹോട്ടല്‍ പോലെ തന്നെയാണ് നോറയും. മലബാര്‍ സംഗീതവും രുചിയും. സൂഫി സംഗീതവും കോഴിക്കോടന്‍ മാപ്പിള പ്രയണയവുമാണ് സിനിമയിലുടനീളം. നൂര്‍ജഹാന്‍ എന്ന സൂഫി സംഗീതഞ്ജനായി ക്രിഷ് സത്താര്‍ അഭിനയിക്കുന്നു. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മേനിലൂടെ സിനിമയില്‍ എത്തിയ ക്രിഷ് നായകനാകുന്ന ആദ്യ ചിത്രമാണിത്. നൂര്‍ജഹാന്‍ ആകുന്നത് മംമ്തയും.
കനികയും മിത്രകുര്യനുമാണ് മറ്റു പ്രധാനതാരങ്ങള്‍. ബാവൂട്ടിയുടെ നാമത്തിലിനു ശേഷം കനിക പര്‍ദയിട്ട് വീണ്ടും അഭിനയിക്കുന്നു. ഷാജഹാന്റെ സഹോദരിയായ സലീമയായിട്ടാണ് കനിഹ അഭിനയിക്കുന്നത്. അത്തര്‍ കച്ചവടക്കാരനായ ഷുക്കൂര്‍ ആയി ടാ തടിയാ ഫെയിം ശേഖര്‍ മേനോന്‍ അഭിനയിക്കുന്നു.
സലാലാ മൊബൈല്‍സില്‍ മലബാര്‍ പ്രണയമായിരുന്നു പറഞ്ഞിരുന്നതെങ്കിലും കണ്ടു പഴകിയതായതിനാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. നൂര്‍ജഹാന്റെ പ്രണയവും രുചിയുമെല്ലാം പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് ആകില്ലെങ്കില്‍ പ്രേക്ഷകര്‍ കാണും. അല്ലെങ്കില്‍ കേടുവന്ന ബിരിയാണി പോലെയാകും.


Click it and Unblock the Notifications











