എല്ലാവരുടേയും ആരോഗ്യമാണ് പ്രധാനം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് നീട്ടി
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. കൊറേണയെ തുടർന്ന് ചിത്രത്തിന്റെ റിലീസിങ് തീയതി നീട്ടിയിരിക്കുകയാണ്. കേരളത്തിൽ കൊറോണ വീണ്ടും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിപ്പ റിപ്പോർട്ട് ചെയ്തപ്പോഴും ചിത്രങ്ങളുടെ റിലീസിങ് മാറ്റിവെച്ചിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവയ്ക്കുന്ന ആദ്യ മലയാള സിനിമയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്.

ടൊവിനോ ഫേസ് ബുക്ക് പോസ്റ്റ്
COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ - "കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം.നിങ്ങളുടെ സ്വന്തംടൊവീനോ തോമസ്- താരം കുറിച്ചു.
ഒരു ഫീൽഗുഡ് റോഡ് മൂവിയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ഒരു കോട്ടയം സ്വദേശിയായ യുവാവും ഒരു വിദേശ വനിതയും കൂട ഇന്ത്യ ചുറ്റിക്കറങ്ങുന്നതാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലർ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'ഒരു ദിവസം ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരു റോഡ് യാത്രയാണിത്. ഹെല്‍മറ്റ് ഉപയോഗിച്ച് നിങ്ങളെപോലെ സുരക്ഷിതമായി.' എന്നാണ് ട്രെയിലര്‍ പങ്കുവെച്ച് കൊണ്ട് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു. ടൊവിനോയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്. പത്താന് ടൊവിനോ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications