കൊറോണയെ തുരത്താനുളള പോരാട്ടത്തില്‍ സര്‍ക്കാര്‍ സന്നദ്ധ സേനയില്‍ ടൊവിനോയും! നടന്‍ പറഞ്ഞത് കാണാം
കൊറോണ വെെറസ് വ്യാപനത്തെ തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിട്ടാണ് രാജ്യം മുന്നോട്ടുപോവുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. നേരത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകരും സജീവമാണ്. രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യമാണ് പ്രധാനമെന്നും എല്ലാവരും ഈ ദിവസങ്ങളില്‍ വീട്ടിലിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

പിന്നാലെ ഇതിന് പിന്തുണയുമായി സിനിമ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. കൊറോണ ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ്. ആരാധകരോടും മറ്റുളളവരോടും വീട്ടില്‍ തന്നെ ഇരിക്കാന്‍ അധികപേരും പറയാറുണ്ട്. കൂടാതെ ഇടയ്ക്കിടെ കൈ വൃത്തിയായി സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകാനും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുളള സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തതായി ടൊവിനോ തോമസ് അറിയിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത നടന്‍ ഈ സമയത്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും അറിയിച്ചു. താനുള്‍പ്പെടെ മലയാള സിനിമയിലെ പലരും ഇതില്‍ പങ്കാളികളാകാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് നടന്‍ ക്ലബ് എഫ് എമ്മിനോട് പറഞ്ഞത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ക്കും പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഈ സന്നദ്ധ സേന. 22നും 40നും ഇടയില്‍ പെടുന്ന യുവാവ് ആയതുകൊണ്ട് താല്‍പര്യപൂര്‍വ്വം രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം മൂവായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു 1465 പേരെങ്കിലും ഐസാലേഷന്‍ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് പറഞ്ഞു.

നേരത്തെ പ്രളയ സമയത്തും താരജാഡകളില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ഇറങ്ങിയ താരമാണ് ടൊവിനോ. അന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്ന നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഒപ്പം അന്ന് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് അറിയിപ്പുമായി നടന്‍ സജീവമായിരുന്നു.

ടൊവിനോയ്ക്ക് പിന്നാലെയാണ് മലയാളത്തിലെ പല താരങ്ങളും ഇതിനായി ഇറങ്ങിയത്. ടൊവിനോയ്‌ക്കൊപ്പം ഇന്ദ്രജിത്ത്, പാര്‍വ്വതി, പൂര്‍ണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും അന്‍പോട് കൊച്ചി കൂട്ടായ്മയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രളയവും നിപ്പയും പോലെ കൊറോണയും നമ്മള്‍ അതിജീവിക്കുമെന്നാണ് എല്ലാവരും പറയുന്നത്.


Click it and Unblock the Notifications