ടൊവിനോ ഹെലികോപ്ടറിലെത്തിയതിന് കാരണം, സിനിമ പരാജയപ്പെട്ടപ്പോൾ ടൊവിനോ നിർമാതാവിനോട് പറഞ്ഞത്: ആലപ്പി അഷ്റഫ്
നടൻ ടൊവിനോ തോമസിനെ പ്രശംസിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. നിർമാതാക്കൾക്ക് തലവേദനയല്ലാത്ത നടനാണ് ടൊവിനോ തോമസെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഞാനുമായി വർഷങ്ങളുടെ അടുപ്പവും സൗഹൃദവും ഉള്ളയാളാണ് രാജു മാലിയത്ത്. ഇന്നും കുറേ നേരം അദ്ദേഹത്തോട് സംസാരിക്കുകയുണ്ടായി. സംസാരമധ്യേ ഞാനദ്ദേഹത്തോട് ടൊവിനോയെക്കുറിച്ച് ചോദിച്ചു. ടൊവിനോയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് നൂറ് നാവാണ്. ഐഡന്റിറ്റി എന്ന പടത്തിന്റെ പ്രൊമോഷൻ ഹെലികോപ്‌ടറിൽ വെച്ച് വേണമെന്ന് ആവശ്യപ്പെട്ടത് ടൊവിനോയാണോയെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ രാജു എന്നോട് പറഞ്ഞു കേട്ടതൊന്നും സത്യമല്ലെന്ന്.
സത്യാവസ്ഥ അറിയാതെ പലരും പലതും വിളിച്ച് പറയുന്നുണ്ട്. ആ സംഭവവുമായി ടൊവിനോയ്ക്ക് ഒരു ബന്ധവും ഇല്ല. അത് ഈ ചിത്രത്തിന്റെ നിർമാണ പങ്കാളിയായിരുന്ന റോയി സിജെയുടെ കോംപ്ലിമെന്റായിരുന്നു. അതൊന്നും നിർമാണ ചെലവിൽ ഉൾപ്പെട്ടതല്ല. ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്തത് ടൊവിനോ ആയിരുന്നു. ഷൂട്ടിംഗ് വേളയിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയ ടൊവിനോ നിർമാണ പങ്കാളിയായി റോയി സിജെയെ കൂട്ടിയിണക്കി തന്നതെന്നും രാജു മാലിയത്ത് പറയുന്നു.

എനിക്ക് ടൊവിനോയെ കൂടുതൽ മനസിലാക്കാൻ പറ്റിയത് ഐഡന്റിറ്റി പരാജയപ്പെട്ടപ്പോഴാണെന്നും രാജു മാലിയത്ത് എന്നോട് പറഞ്ഞു. പ്രതിഫലമായി കൊടുക്കേണ്ട വലിയൊരു തുകയിൽ നിന്നും വളരെ ചെറിയ തുക അഡ്വാൻസായി വാങ്ങിയാണ് ടൊവിനോ ആ പടം തീർത്തത്. ഒന്നര വർഷം നീണ്ട് നിന്ന ചിത്രീകരണ വേളയിൽ ഒരിക്കൽ പോലും മടിയോ തടസമോ കൂടാതെ സഹകരിച്ചു. ചിത്രീകരണ സമയത്ത് സാമ്പത്തികമായി സഹായിക്കാനും തയ്യാറായി.
സിനിമ പരാജയപ്പെട്ടപ്പോൾ കൊടുക്കാനുള്ള ഭീമമായ പ്രതിഫലത്തുക തരേണ്ടെന്നും അടുത്ത പടത്തിന് ഡേറ്റ് തരാമെന്നും ടൊവിനോ രാജു മാലിയത്തിനോട് പറഞ്ഞെന്നും ആലപ്പി അഷ്റഫ് പറയുന്നു. ടൊവിനോയുടെ ഈ പ്രവൃത്തികൾ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ ചർച്ചയായി. അപ്പോൾ ജി സുരേഷ് കുമാർ പറഞ്ഞത് നസീർ സാറിന് ശേഷം നിർമാതാക്കൾ കേൾക്കുന്ന ആദ്യത്തെ ആശ്വാസ വചനം എന്നാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
താരങ്ങളുടെ പ്രതിഫലം അമ്പരപ്പിക്കുന്നതാണെന്നും പലർക്കും സിനിമാ രംഗത്തോട് പ്രതിബന്ധതയില്ലെന്നും സുരേഷ് കുമാർ വിമർശിക്കാറുണ്ട്. സുരേഷ് കുമാറിന്റെ പ്രസ്താവനയെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് മകളായ നടി കീർത്തി സുരേഷിന്റെ പ്രതിഫലമാണ്. എന്നാൽ കീർത്തി നിർമാതാക്കളെ വലയ്ക്കുന്ന തരത്തിൽ പ്രതിഫലം വാങ്ങാറില്ലെന്നാണ് ജി സുരേഷ് കുമാർ പറയാറുള്ളത്. ടൊവിനോ തോമസും കീർത്തി സുരേഷും ഒരുമിച്ച് അഭിനയിച്ച മലയാള സിനിമയാണ് വാശി. സുരേഷ് കുമാറാണ് സിനിമ നിർമ്മിച്ചത്. ടൊവിനോയുടെ പ്രതിഫലത്തെക്കുറിച്ച് സുരേഷ് കുമാർ ഒരിക്കൽ സംസാരിച്ചിരുന്നു.
വാശിയുടെ ബഡ്ജറ്റിൽ പ്രശ്നമൊന്നും ഉണ്ടായില്ല. ടൊവിനോ അങ്ങനെയാെരു ബഡ്ജറ്റിലല്ല ആ പടത്തിൽ അഭിനയിച്ചത്. അതുകൊണ്ടാണ് ആ പടത്തിൽ ലാഭമുണ്ടാക്കാനായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരുണ്ട്. ടൊവിനോ ആ പടത്തിൽ അങ്ങനെയാെരു പ്രതിഫലമല്ല ചോദിച്ചത്. ചിലപ്പോൾ അതിലും കൂടുതൽ വാങ്ങുന്നയാളായിരിക്കും. മര്യാദക്കാരായ ആർട്ടിസ്റ്റുകളുമുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ലെന്നും സുരേഷ് കുമാർ അന്ന് വ്യക്തമാക്കി. കൂടെ നിന്ന് വർക്ക് ചെയ്യാൻ പറ്റുന്ന ചെറുപ്പക്കാരായ ആർട്ടിസ്റ്റുകളുണ്ട്. ഫോണെടുക്കാത്തവരും ഉണ്ടെന്നും സുരേഷ് കുമാർ തുറന്നടിച്ചു.


Click it and Unblock the Notifications











