മമ്മൂട്ടിയും ദുല്‍ഖറുമെല്ലാം വരുന്ന ട്രെയിലര്‍
ജയറാമിനെയും ആസിഫ് അലിയെയും മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്യുന്ന 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി എന്ന കഥാപാത്രമായി ജയറാം എത്തുന്ന ചിത്രത്തില്‍ ട്രെയിലറിന്റെ ഒരു ഭാഗത്ത് ദുല്‍ഖര്‍ സല്‍മാന്റെ പേരും പറയുന്നുണ്ട്.
കനിഹയും മീരനന്ദനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു മുസ്ലീം കുടുംബ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ സിദ്ദിഖ്, മധു, കൈലാഷ്, ബാബുരാജ്, ഇര്‍ഷാദ്, കലാഭവന്‍ ഷാജോണ്‍, മാമൂക്കോയ, സാജു കൊടിയന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിലെ രണ്ട് പാട്ടുകള്‍ ഇതിനകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അഫ്‌സല്‍ യൂസഫ് ആണ്. ഉദയ് കൃഷ്ണ സിബി കെ തോമസിന്റെയാണ് തിരക്കഥ. റെഡ് ക്രോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
പറങ്കിയത്ത് എന്ന മുസ്ലിം തറവാടും അമ്പലമുറ്റത്ത് എന്ന നായര്‍ തറവാടും തമ്മിലുള്ള വൈരാഗ്യമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുകാലത്ത് സൗഹൃദത്തില്‍ കഴിയുന്നതായിരുന്നു ഈ തറവാട്. അമ്പലമുറ്റത്തെ രമേശ് കുറുപ്പിനെ പറങ്കിയത്തെ കാസിംഭായി കൊലപ്പെടുത്തുന്നതോടെയാണ് ഇവരുടെ ശത്രുത തുടങ്ങുന്നത്. കുറുപ്പിന്റെ കുടുംബത്തിലെ അക്രമത്തില്‍ ഒരുഭാഗം തളര്‍ന്നുപോയിരിക്കുന്നു കാസിംഭായിക്ക്.
ശിക്ഷാകാലാവധി കഴിഞ്ഞ് കാസിംഭായി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് നായര്‍ തറവാട്ടുകാര്‍. കാസിംഭായിയെ ചികില്‍സിക്കാന്‍ ഹിന്ദുവായ ഡോ മാധവന്‍കുട്ടി പേരുമാറ്റി വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് നര്‍മത്തിലൂടെ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലൂടെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ തമ്പുരാന്‍ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിലാണ് കഥ നടക്കുന്നത്.


Click it and Unblock the Notifications