ട്രാന്‍സ്, കപ്പേള, കെട്ട്യോളാണെന്റെ മാലാഖ, മലയാളത്തിൽ നിന്ന് 5 ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ...
മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടുള്ളതെങ്കിലും ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററുകളിൽ മാത്രമല്ല ഒ.ടി.ടി റിലീസ് വഴിയും മികച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കൊവിഡ് പ്രതിസന്ധി സിനിമ മേഖലയെ തകിടം മറിച്ചുവെങ്കിലും ചില സന്തോഷവാർത്ത മലയാളി പ്രേക്ഷകരെ തേടിയെത്തുകയാണ്.
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമയിലേയ്ക്ക് 5 മലയാള ചിത്രങ്ങൾ കൂടി തിരഞ്ഞെടുത്തിരിക്കുകയാണ്. 23 സിനിമകളുടെ പട്ടികയിലേയ്ക്കാണ് മലയാളത്തില്‍ നിന്നുള്ള അഞ്ച് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടത്. അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ്, കെട്ട്യോളാണെന്റെ മാലാഖ, കപ്പേള, താഹിറ, സേഫ് എന്നീ സിനിമകളാണ് പനോരമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ജയറാം നായകനായ നമോ എന്ന സംസ്‌കൃത ചിത്രവും ഇത്തവണ പനോരമാ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നുണ്ട്. അടുത്ത വർഷം ജനുവരി 16 മുതല്‍ മുതല്‍ ജനുവരി 24 വരെയാണ് ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുക.

മലയാളത്തെ കൂടാതെ 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നാണ് ഇക്കുറി ഏറ്റവും അധികം ചിത്രങ്ങൾ പനോരമയിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ സിനിമകളിൽ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള 2 സിനിമകൾ തിരഞ്ഞെടുക്കുക. പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ

ട്രാൻസ്
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ട്രാൻസ്. വിൻസന്റ് വടക്കൻ കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്തത് അൻവർ റഷീദാണ്. ഫഹദ് ഫാസിൽ, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ട്രാൻസ്.

കെട്ട്യോളാണെന്റെ മാലാഖ
2019ൽ പുറത്തിറങ്ങിയ ആസിഫ് അലിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കെട്ട്യോളാണെന്റെ മാലാഖ. കഴിഞ്ഞ വർഷ അവസാനം തിയേറ്റുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്‍റെ മാലാഖ' ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചുമാണ് ചർച്ച ചെയ്തത്. ആസിഫ് അലി, വീണ നന്ദകുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

കപ്പേള
2020 ൽ ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമാണ് കപ്പേള. മുഹമ്മദ് മുസ്തഫ രചനയും സംവിധാനവുംനിർവഹിച്ച ചിത്രം 2020 മാർച്ച് 7 ന് തീയേറ്റർ റിലീസായിട്ടായിരുന്നു എത്തിയത്. എന്നാൽ ഓരാഴ്ച മാത്രമാണ് തിയേറ്ററുകളിൽ ചിത്രം പ്രദർശിക്കാൻ കഴിഞ്ഞത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകൾ അടച്ചു പൂട്ടിയതോടെ കപ്പേള നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.


Click it and Unblock the Notifications