twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളി-നാട്യങ്ങളില്ലാത്ത നടന്‍

    By Ravi Nath
    |

    Muralai
    അരങ്ങിന്റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സിനിമയില്‍ അഭിനയത്തിന്റെ വലിയ കരുത്തു തെളിയിക്കുകയും ചെയ്ത ഭരത് മുരളിയുടെ മൂന്നാം ചരമ വാര്‍ഷികമാണ് ആഗസ്‌റ് ആറിന്. താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ മലയാളസിനിമയുടെ കരുത്തുറ്റ ഓര്‍മ്മപ്പെടുത്തലാണ്.

    മലയാളത്തിലും തമിഴിലും എന്നെന്നും ഓര്‍മ്മിക്കാന്‍ പാകത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മുരളി ക്യാമറയുടെ പ്രകടനങ്ങള്‍ക്കൊപ്പം അരങ്ങിലെ വെളിച്ചത്തിലും നിറഞ്ഞുനിന്നിരുന്നു. സിപിഎം സഹയാത്രികനായി നടന്നപ്പോഴും നെറ്റിയില്‍ ദേവീസിന്ദൂരം ചാര്‍ത്തി ഉള്ളിലെ ഭക്തിയുടെ വെട്ടവും സൂക്ഷിച്ചുപോന്നു.

    സംഗീത നാടകഅക്കാദമി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മുരളി കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായപ്പോള്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിയുടെ മുഖച്ഛായതന്നെ മാറ്റി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടകങ്ങള്‍ മലയാളി പ്രേക്ഷകന് സാദ്ധ്യമാക്കുന്ന നാടകമത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും തൃശൂരില്‍ തുടക്കം കുറിച്ചു.

    ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്‌റിവലുകള്‍ മാത്രം കണ്ടുശീലിച്ച പ്രേക്ഷകര്‍ക്ക് ഈ നാടകോത്സവങ്ങള്‍ നല്‍കിയ അനുഭവം ഏറെ വലുതായിരുന്നു.ആധാരം എന്ന ലോഹിതദാസ് സ്‌ക്രിപ്റ്റിലിറങ്ങിയ ജോര്‍ജ്ജ് കിത്തുവിന്റെ ചിത്രമാണ് മുരളിയെ തിരക്കുള്ള നടനാക്കിമാറ്റിയത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി കൊണ്ടിരുന്ന മുരളിക്ക് ആധാരത്തിലെ ബാപ്പുട്ടി എന്ന പരുക്കനായ മനുഷ്യസ്‌നേഹി പുതിയ രൂപവും ഭാവവും നല്‍കി.

    പ്രിയനന്ദനന്റെ ആദ്യ സിനിമയായ നെയ്ത്തുകാരനിലെ വേഷം ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ഭരത് പുരസ്‌കാരം മുരളിയിലേക്കെത്തിച്ചു. ഇഎംഎസ് എന്ന മൂന്നക്ഷരം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എങ്ങിനെ ഉള്‍ചേര്‍ന്നിരിക്കുന്നു എന്നതിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നെയ്ത്തുകാരന്റെ വേഷം അക്ഷരാര്‍ത്ഥത്തില്‍ മുരളി തിളക്കമറ്റതാക്കി. അഭിനയിപ്പിച്ചു ഫലിപ്പിച്ച എല്ലാ കഥാപാത്രങ്ങളിലും മുരളി ചേര്‍ത്തുവെച്ച പ്രതിഭാസാന്നിദ്ധ്യം പ്രകടമായിരുന്നു.

    അരങ്ങില്‍ മുരളിയുടെ വലിയ കൂട്ട് അന്തരിച്ച പ്രശസ്ത നടന്‍ നരേന്ദ്രപ്രസാദായിരുന്നു. ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയാണ് മുരളി അഭിനയിച്ച അവസാനത്തെ നാടകം. ഈ നാടകവും കൊണ്ട് ലോകം ചുറ്റണമെന്ന് ആഗ്രഹം ബാക്കിവെച്ചാണ് അമ്പത്തഞ്ചാം വയസ്സില്‍ മുരളി തിരിച്ചുവരാത്ത യാത്ര പുറപ്പെടുന്നത്. നടന്‍, എഴുത്തുകാരന്‍, സംഘാടകന്‍, രാഷ്ട്രീയക്കാരന്‍ ഇങ്ങനെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകന്റേയും സാധാരണക്കാരന്റേയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മുരളിയ്ക്കുണ്ടായിരുന്ന ഇമേജ് ഒരിക്കലും ഒരു സിനിമാനടന്റേതായിരുന്നില്ല .മറിച്ച് ഒരു നല്ല മനുഷ്യന്റേതായിരുന്നു എന്നത് പ്രസക്തമാണ്.

    സിപിഎം സ്ഥാനാര്‍ത്ഥിയായി 1999ല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചെങ്കിലും വിഎം സുധീരനോട് പരാജയപ്പെട്ട മുരളി രാഷ്ട്രീയ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ചമയം, വെങ്കലം, ചകോരം, താലോലം, അമരം, കാരുണ്യം, ലാല്‍സലാം ഇങ്ങനെ നിരവധി സിനിമകളിലൂടെ മുരളി പ്രേക്ഷക ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ച അഭിനേതാവാണ്. മികച്ചനടന്‍, സഹനടന്‍ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഏഴുതവണ മുരളിയെ തേടി വന്നിട്ടുണ്ട്.

    മറ്റ് നിരവധി അവാര്‍ഡുകളും മുരളിയുടെ അഭിനയസാക്ഷ്യത്തിന്റെ തെളിവുകളായിരുന്നു. ഓരോ ഓര്‍മ്മ നാളുകള്‍ പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ വ്യതിരിക്തമായി മുരളി കഥാപാത്രങ്ങള്‍ വേരോട്ടം പ്രാപിക്കുന്നുണ്ട്. മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറിയ ചലനം കൊണ്ട് ക്രൗര്യവും സ്‌നേഹവും രേഖപ്പെടുത്തുവാന്‍ പ്രാപ്തനായ മുരളി മലയാളസിനിമയ്ക്കുകിട്ടിയ അപൂര്‍വ്വമായ ഒരു വരദാനം തന്നെയായിരുന്നു. ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരുപിടിപൂക്കള്‍ അര്‍പ്പിക്കുന്നു.

    English summary
    National award winning actor and theatre personality Murali passed away on August 6, at the age of 55.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X