ലൂസിഫര്‍ തെലുങ്കില്‍ പ്രിയദര്‍ശിനി രാംദാസായി തൃഷ? മെഗാസ്റ്റാര്‍ ചിത്രം ഒരുങ്ങുന്നു
മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍ മലയാളത്തില്‍ ചരിത്ര വിജയമായ സിനിമകളിലൊന്നാണ്. സ്റ്റീഫന്‍ നെടുമ്പളളിയായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. 200 കോടി ക്ലബില്‍ കടന്ന സിനിമ മലയാളത്തിന് ഒന്നടങ്കം അഭിമാനമായി മാറിയിരുന്നു. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ റെഡ്ഡി പ്രൊമോഷന്‍ വേളയിലാണ് പ്രഖ്യാപിച്ചിരുന്നത്.

ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ തന്നെ നിര്‍മ്മിക്കുന്ന സിനിമ പ്രശസ്ത സംവിധായകന്‍ സുകുമാറാണ് ഒരുക്കുന്നത്. ലൂസിഫര്‍ പോലെ വലിയ ക്യാന്‍വാസിലായിരിക്കും റീമേക്ക് ചിത്രവും അണിയറയില്‍ ഒരുക്കുകയെന്ന് അറിയുന്നു. തെലുങ്കില്‍ മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുമെന്ന് ഉറപ്പായതോടെ പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്ന് എല്ലാവരും തിരക്കുന്നൊരു കാര്യമാണ്.
ഇപ്പോഴിതാ ഈ റോളില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തൃഷയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും തൃഷ എത്തുന്നുണ്ട്, ജിത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications