നടി ശ്രീലക്ഷ്മി അന്തരിച്ചു! കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ ആരാധകര്‍ വരരുതെന്ന് നടിയുടെ കുടുംബം
ടെലിവിഷന്‍ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. കാന്‍സര്‍ രോഗവുമായി ഏറെ കാലം ചികിത്സയിലായിരുന്ന ശ്രീലക്ഷ്മി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഹൈദരാബാദില്‍ നിന്നും മരിക്കുന്നത്. ഭര്‍ത്താവ് പെഡി രാമ റാവുവും രണ്ട് പെണ്‍മക്കളായ പ്രീണയും രംഗലീനയും ചേര്‍ന്ന് ശ്രീലക്ഷ്മിയെ അതീജീവിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രമുഖ നടന്‍ രാജീവ് കന്‍കാലയുടെ ഇളയ സഹോദരിയായിരുന്നു ശ്രീലക്ഷ്മി. അതുപോലെ തന്നെ തെലുങ്ക് ടെലിവിഷന്‍ അവതാരകയായ സുമയുടെ നാത്തൂനുമാണ് ശ്രീലക്ഷ്മി. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. മാതാപിതാക്കന്മാരില്‍ നിന്നുമായിരുന്നു ശ്രീലക്ഷ്മിയും അഭിനയം പഠിച്ചത്.

ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഹിറ്റായ ഒരുപാട് ടെലിവിഷന്‍ സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു.
ശ്രീലക്ഷ്മിയുടെ നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം അനുശോചനം രേഖപ്പെടുത്തി കൊണ്ട് എത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്. അതിനൊപ്പം ആരാധകരോട് ഒരു അപേക്ഷ കൂടി അദ്ദേഹം വെച്ചിരിക്കുകയാണ്.

ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ദയവ് ചെയ്ത് നിര്‍ത്തണമെന്നാണ് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ കുടുംബവുമായി സംസാരിച്ചതിന് ശേഷമാണ് ഇത്തരമൊരു പ്രസ്താവന പുറത്ത് ഇറക്കിയിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു.
അതേ സമയം തന്നെ കന്നഡ സിനിമയിലും ഒരു താരം മരിച്ച വാര്‍ത്തയാണ് പുറത്ത് വന്നത്. കേരളത്തിലും പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷ് അന്തരിച്ച വാര്‍ത്ത നിറഞ്ഞ് നില്‍ക്കവേയാണ് മറ്റ് സംസ്ഥാനങ്ങളിലും വേദന നല്‍കുന്ന മരണ വാര്‍ത്തകള്‍ വരുന്നത്. കൊറോണ വൈറസ് വ്യാപകമാവുന്നതിനാല്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്‌കാര ശുശ്രൂഷകളില്‍ ആര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ലെന്ന വസ്തുതയുമുണ്ട്.


Click it and Unblock the Notifications